അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി, ആഗോള അയ്യപ്പ സംഗമം വൻ പരാജയമായെന്ന് രമേശ് ചെന്നിത്തല

അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി, ആഗോള അയ്യപ്പ സംഗമം വൻ പരാജയമായെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വൻ പരാജയമായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. 50 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരും വന്നില്ലെന്നും, മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടൻ എല്ലാവരും പോയെന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്ക് ഉണ്ടായെന്നും, സർക്കാർ തങ്ങളുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ശബരിമലയുടെ പുരോഗതിക്കായി ഒരു ചർച്ച പോലും സംഗമത്തിൽ നടന്നില്ലെന്നും, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അടവായിരുന്നു ഈ പരിപാടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അയ്യപ്പ സംഗമം പരാജയമായെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ എങ്കിലും സമ്മതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടി “വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം” ആയിരുന്നുവെന്നും, അയ്യപ്പന് പോലും ഈ സംഗമം ഇഷ്ടപ്പെട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് വേണ്ടി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും, താൻ ചെയ്തത് തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ വികസനത്തിന് യാതൊരു സംഭാവനയും നൽകാതെ, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഒരു പരാജയ പരിപാടിയായി മാറിയെന്നാണ് ചെന്നിത്തലയുടെ വാദം.

Share Email
Top