കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും കൊച്ചി പൊലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ ഹാജരാകുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്.
കോടതി നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് വേടന് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. ഒരു യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.
കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഇന്നലെ മാധ്യമങ്ങളോട് വേടന്‍ പറഞ്ഞിരുന്നു. കേസ് അവസാനിച്ചതിനുശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും ഉടന്‍ ജാമ്യത്തില്‍ വിടും. അതേസമയം, കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്.