ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ തകർന്ന പാകിസ്താനിലെ നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമാണം

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ തകർന്ന പാകിസ്താനിലെ നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമാണം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമിച്ച പാകിസ്താനിലെ നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. മേഖലയിൽനിന്നുള്ള ഏറ്റവും പുതിയ ഉപഗ്രഹദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്താനിലെ പ്രധാന വ്യോമത്താവളമായ നൂർ ഖാനും ഉൾപ്പെട്ടിരുന്നു. ആക്രമണത്തിൽ നാശനഷ്ടമുണ്ടായ ഭാഗങ്ങളിലാണ് പാകിസ്താൻ ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 25 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പ്രധാന വ്യോമത്താവളമാണ് നൂർ ഖാൻ. പാക് വ്യോമസേനയുടെ പ്രധാന വിമാനങ്ങളടക്കം ഇവിടെയാണുള്ളത്. മെയ് പത്താം തീയതിയാണ് പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നൂർ ഖാൻ വ്യോമത്താവളത്തിന് നേരെ ഇന്ത്യ ആക്രമണം നടത്തിയത്. വ്യോമത്താവളത്തിലുണ്ടായിരുന്ന പ്രത്യേക സൈനികവാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ മിസൈൽ ആക്രമണം. ബ്രഹ്‌മോസ് മിസൈലോ സ്കാൽപ് മിസൈലോ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് നിഗമനം.

വ്യോമത്താവളത്തിലെ പ്രത്യേക സൈനികവാഹനങ്ങൾ തകർക്കാനാണ് ഇന്ത്യ ആക്രമണം ലക്ഷ്യമിട്ടതെങ്കിലും ഇതിന്റെ ആഘാതത്തിൽ സമീപത്തെ ചില കെട്ടിടങ്ങൾ തകരുകയും മറ്റുചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. മെയ് പത്താം തീയതിയിലെ ഉപഗ്രഹദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. എന്നാൽ, മെയ് 17-ഓടെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്‌തതായി ഉപഗ്രഹദൃശ്യങ്ങളിൽനിന്ന് മനസിലാക്കി. ഇതിനുപിന്നാലെയാണ് സെപ്റ്റംബർ മൂന്നാം തീയതിയിലെ ഉപഗ്രഹദൃശ്യത്തിൽ വ്യോമത്താവളത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായും കണ്ടെത്തിയത്. പുതിയ മതിലുകൾ അടക്കമുള്ളവയുടെ നിർമാണമാണ് മേഖലയിൽ പുരോഗമിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിൽ നൂർ ഖാൻ വ്യോമത്താവളത്തിലെ പ്രത്യേക സൈനികവാഹനങ്ങൾ നശിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഈ വാഹനങ്ങൾ തകർത്തതിന്റെ ആഘാതത്തിലാണ് സമീപത്തെ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്. ഇതോടെ ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

‘ബുർഖാസ്’ എന്ന് വിളിക്കപ്പെടുന്ന പാക് വ്യോമസേനയുടെ നമ്പർ 12 വിഐപി സ്ക്വാഡ്രൺ ആണ് നൂർ ഖാൻ വ്യോമത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയും സൈനിക മേധാവിമാരും ഉൾപ്പെടെയുള്ള ഉന്നതരുടെ യാത്ര ഇവരുടെ ചുമതലയാണ്. അടുത്തിടെ പാക് സൈനിക മേധാവി അസിം മുനീർ എസ്.സി.ഒ. ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക് പുറപ്പെട്ടതും നൂർ ഖാൻ വ്യോമത്താവളത്തിൽനിന്നായിരുന്നു. അസിം മുനീറിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത റൺവേയുടെ സമീപത്തുള്ള കെട്ടിടങ്ങൾക്കാണ് ഇന്ത്യയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്.

Reconstruction underway at Pakistan’s Noor Khan airbase, damaged in India’s Operation Sindoor attack

Share Email
LATEST
Top