കോഴിക്കോട് വടകരയിൽ ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു. വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായ മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനെ ശ്യാം ലാലു എന്ന ലാലുവാണ് വെട്ടിയത്. നേരത്തെ ആർ.ജെ.ഡി. യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ സുരേഷ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പരിക്ക് സാരമുള്ളതല്ലെങ്കിലും, വടകര പൊലീസിന്റെ നിഷ്ക്രിയതയ്‌ക്കെതിരെ ആർ.ജെ.ഡി. രംഗത്തെത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്യാം ലാലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
പഠന ക്യാമ്പിന്റെ വേദി തീയിട്ട സംഭവത്തിൽ ആർ.ജെ.ഡി. തെളിവുകൾ സഹിതം പരാതി നൽകിയിരുന്നുവെന്നും, എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിൽ നിസ്സംഗത കാണിച്ചുവെന്നും ആർ.ജെ.ഡി. ആരോപിക്കുന്നു. സമരം നടത്തിയിട്ടും പൊലീസ് ഗൗരവമായി ഇടപെട്ടില്ലെന്നും, അന്ന് ശ്യാം ലാലിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഈ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും ആർ.ജെ.ഡി. വ്യക്തമാക്കി. പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഇവർ അറിയിച്ചു.