ന്യൂഡൽഹി: അമേരിക്കയുടെ ഇരട്ട താരിഫിന്റെ പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് ആശ്വാസമായി, അസംസ്കൃത എണ്ണവിലയിൽ വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് റഷ്യ. ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെയാണ് റഷ്യ ഇന്ത്യക്ക് വിലക്കിഴിവ് നൽകുന്നത്. സെപ്റ്റംബറിലും ഒക്ടോബറിലും കയറ്റുമതി ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള യുരാൾസ് ഗ്രേഡ് ക്രൂഡ് ഓയിലിന്, നിലവിൽ നൽകുന്ന ഒരു ഡോളറിന്റെ വിലക്കിഴിവ് കഴിഞ്ഞ ആഴ്ച 2.50 ഡോളറായി ഉയർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, 2022 മുതൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിച്ചു. ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ നിന്ന് ഇത് ഏകദേശം 40 ശതമാനമായി ഉയർന്നു. ഇന്ത്യ പ്രതിദിനം 5.4 ദശലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. 2024-25 കാലയളവിൽ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ മറികടന്ന്, റഷ്യയിൽ നിന്നായിരുന്നു ഇന്ത്യയുടെ ഇറക്കുമതിയുടെ 36 ശതമാനവും.
ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ഭരണകൂടം, റഷ്യയുമായുള്ള രാജ്യത്തിന്റെ ക്രൂഡ് ഓയിൽ വ്യാപാരത്തിന് മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു. ഉക്രെയ്നിലെ സംഭവങ്ങളെ തുടർന്ന് റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച് അമേരിക്ക ആദ്യം 25 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഈ താക്കീത് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് വീണ്ടും 25 ശതമാനം താരിഫ് കൂടി ചുമത്തി.
ഇന്ത്യക്ക് 17 ബില്യൺ ഡോളറിന്റെ ലാഭം
റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം, 2022 ഫെബ്രുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് ചുരുങ്ങിയത് 17 ബില്യൺ ഡോളറിന്റെ ലാഭം ലഭിച്ചതായി വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായതിലും കുറഞ്ഞ വിലക്ക് റഷ്യൻ എണ്ണ വാങ്ങിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
യുദ്ധത്തെ തുടർന്നുള്ള പാശ്ചാത്യ ഉപരോധങ്ങൾ കാരണം റഷ്യ കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ നൽകാൻ നിർബന്ധിതരായതോടെയാണ് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിച്ചത്. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യത്തിന്റെ ഒരു ശതമാനത്തിൽ താഴെയായിരുന്നത് ഒരു ഘട്ടത്തിൽ മൂന്നിലൊന്നായി ഉയർത്തി. ചൈനയ്ക്ക് ശേഷം റഷ്യൻ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരായി ഇന്ത്യ മാറി.
ഇന്ത്യയുടെ ഈ നീക്കത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം ‘മോദിയുടെ യുദ്ധം’ എന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ പീറ്റർ നവാരോയെ പോലുള്ളവർ ആരോപിക്കുകയും ചെയ്തു.
Russia announces huge discount on crude oil prices; Help for India