പത്തനംതിട്ട: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയിലെ നിലപാടിൽ തിരുത്തൽ വരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും, ഇവ സംരക്ഷിക്കപ്പെടണമെന്നാണ് ബോർഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമോപദേശം തേടിയശേഷം സത്യവാങ്മൂലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിശ്വാസികളുടെ മനസ്സിൽ ഇടം പിടിക്കാനായി പിണറായി സർക്കാരും സി.പി.എമ്മും ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിനിടെയാണ് ബോർഡിന്റെ ഈ പ്രഖ്യാപനം.
ബി.ജെ.പി.യുടെ നിരന്തരമായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ പുതിയ നീക്കം. 2019 ഫെബ്രുവരി 6-ന് പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസങ്ങൾക്കെതിരായ നിലപാട് പരസ്യമായി പിൻവലിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന് മറുപടിയായാണ് പി.എസ്. പ്രശാന്ത് നിലപാട് വ്യക്തമാക്കിയത്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പാർലമെന്റിൽ നിയമം പാസാക്കുമെന്ന് ബി.ജെ.പി. പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോള അയ്യപ്പ സംഗമം ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏകദേശം 4 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. മതസാമുദായിക സംഘടനകളുടെ പിന്തുണ ഈ സംഗമത്തിനുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. സംഗമത്തിനായുള്ള രജിസ്‌ട്രേഷൻ ശബരിമല പോർട്ടൽ വഴി ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യവും പാലക്കാട് കല്പാത്തി അയ്യപ്പ ഭക്ത സംഘവും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി. നിലപാടുകൾ സർക്കാർ സംഘടിപ്പിക്കുന്ന സംഗമത്തിന് എൻ.എസ്.എസും എസ്.എൻ.ഡി.പി.യും പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിനെ “ഭൂരിപക്ഷ വർഗീയത വളർത്താനുള്ള നീക്കം” എന്ന് വിശേഷിപ്പിച്ച് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി.യും എൻ.എസ്.എസിന്റെ നിലപാടിനെ വിമർശിച്ചു.
സംഗമത്തിന് ഉപാധികളോടെയാണ് പിന്തുണയെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുമുള്ള വികസന പ്രവർത്തനങ്ങളാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെങ്കിൽ അത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയമുക്തവും അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഗമത്തെ സ്വാഗതം ചെയ്തു. ഇത് ശബരിമലയിലെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും, ശബരിമലയിലെ യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Sabarimala women’s entry: Government and Devaswom Board change stance; NSS and SNDP announce support for global Ayyappa Sangam