സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ പ്രധാന പെരുന്നാളും പത്താം വാർഷികവും ഒക്ടോബർ 3, 4 തീയതികളിൽ

സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ പ്രധാന പെരുന്നാളും പത്താം വാർഷികവും ഒക്ടോബർ 3, 4 തീയതികളിൽ

സാക്രമെന്റോ: മഹാ പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ, പരിശുദ്ധന്റെ 340-ാം ഓർമപ്പെരുന്നാളും ഇടവകയുടെ 10-ാം വാർഷികവും 2025 ഒക്ടോബർ 3, 4 (വെള്ളി, ശനി) തീയതികളിൽ ആഘോഷിക്കും. നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും പാത്രിയർക്കേൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനിയുടെയും ബഹുമാനപ്പെട്ട വൈദികരുടെയും കാർമികത്വത്തിലാണ് ആഘോഷങ്ങൾ നടക്കുക.

ഒക്ടോബർ 3 വെള്ളിയാഴ്ച വൈകീട്ട് 6.00 മണിക്ക് അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിക്ക് പള്ളി അങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് സന്ധ്യാപ്രാർഥന, റവ.ഫാ. അനൂപ് ജേക്കബ് അച്ചന്റെ വചന ശുശ്രൂഷ, സൺഡേസ്‌കൂൾ വാർഷികം, അത്താഴവിരുന്ന് എന്നിവ നടക്കും.

ഒക്ടോബർ 4 ശനിയാഴ്ച രാവിലെ 8.15 ന് പ്രഭാത പ്രാർഥന ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം മധ്യസ്ഥ പ്രാർഥന, വചന ശുശ്രൂഷ, പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയുടെ പത്താം വാർഷികാഘോഷ പരിപാടികൾ ഇടവക മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങിൽ വെച്ച് ഇടവകയുടെ പത്താം വാർഷിക സുവനീർ ‘തൈബൂസോ’ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്യും. വിവിധ സഭാ സാമുദായിക നേതാക്കളും വൈദികരും യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും.

വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യും. ട്രഷറാർ പ്രതീഷ് ഏബ്രഹാം നന്ദി രേഖപ്പെടുത്തും. തുടർന്ന് നടക്കുന്ന സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.

നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും പാത്രിയർക്കേൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനിയുടെയും ബഹുമാനപ്പെട്ട വൈദികരുടെയും കാർമികത്വത്തിലാണ് ആഘോഷങ്ങൾ നടക്കുക.

1593-ൽ മൂസലിന് സമീപമുള്ള ക്രൂദേശ് ഗ്രാമത്തിലെ ഹ്ദായി എന്ന പ്രസിദ്ധ കുടുംബത്തിലാണ് യൽദോ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ സന്യാസ ജീവിതത്തിൽ ആകൃഷ്ടനായി ‘മോർ ബഹനാം’ ദയറായിൽ ചേർന്ന് അറബി, സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടി. എ.ഡി. 1678-ൽ അബുദേദ് മശിഹ പാത്രിയർക്കീസ് ബാവാ ഇദ്ദേഹത്തെ യൽദോ മോർ ബസേലിയോസ് എന്ന നാമത്തിൽ മഫ്രിയാനയായി വാഴിച്ചു.

എ.ഡി. 1685-ൽ, 92-ാമത്തെ വയസ്സിൽ, മലങ്കരയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി, മൂസലിലെ ചുമതലകൾ ത്യജിച്ച് അദ്ദേഹം കേരളത്തിലേക്ക് യാത്ര തിരിച്ചു. പായ്ക്കപ്പലിൽ ബസറ വഴി തലശ്ശേരിയിൽ വന്നിറങ്ങി. പറങ്കികളുടെ ആധിപത്യത്തെ ഭയന്ന് വേഷപ്രച്ഛന്നനായി വനാന്തരത്തിലൂടെ കാൽനടയായി പാണ്ടിയിലെ ദണ്ഡിക്കൽ, മൂന്നാർ വഴി പള്ളിവാസലിൽ എത്തിച്ചേർന്നു.

യാത്രാക്ലേശത്താൽ ക്ഷീണിതനായ ബാവാ കോതമംഗലത്ത് എത്തിച്ചേർന്ന ശേഷം 13 ദിവസം മാത്രമാണ് മലങ്കരയിൽ ജീവിച്ചിരുന്നത്. എ.ഡി. 1685 കന്നിമാസം 19-ാം തീയതി ശനിയാഴ്ച വൈകീട്ട് 3 മണിക്ക് അദ്ദേഹം കർത്തൃസന്നിധിയിലേക്ക് യാത്രയായി. കോതമംഗലത്ത് മാർത്തോമ്മ ചെറിയ പള്ളിയിൽ അദ്ദേഹത്തെ കബറടക്കി.

1987-ൽ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചു.

വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി കർത്തൃനാമത്തിൽ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. നേർച്ചകാഴ്ചകളോടെ വന്ന് അനുഗ്രഹം പ്രാപിക്കാൻ ഏവർക്കും അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

  • വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി – 954-907-7154
  • വൈസ് പ്രസിഡന്റ് യൽദോസ് പാലക്കാടൻ – 916-479-1507
  • സെക്രട്ടറി യൽദോസ് പി.ജി. – 904-483-1679
  • ട്രഷറാർ പ്രതീഷ് ഏബ്രഹാം – 916-846-8920

വർഗീസ് പാലമലയിൽ (നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഓ.) അറിയിച്ചതാണിത്

Sacramento St. Basil Parish: Main Feast and 10th Anniversary on October 3 and 4

Share Email
LATEST
Top