തിരുവനന്തപുരം: വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് സാമുദായിക സ്പർദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമമെന്നും കേസരിയിലെ ‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ ” എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ക്രിസ്ത്യൻ സമുദായത്തെ കയ്യിലെടുക്കാൻ അരമനകൾ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാൻ തയ്യാറാണോ – ചെന്നിത്തല ചോദിച്ചു.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ഈ ലേഖനം ക്രിസ്ത്യൻ സമുദായത്തെ ഇന്ത്യയുടെ ശത്രുവായി പ്രഖ്യാപിക്കുന്നു. ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവർ സ്വന്തം രാജ്യത്തോട് കുറു നഷ്ടപ്പെട്ട രാജ്യവിരുദ്ധരാണ് എന്നാണ് ലേഖകൻ സമർഥിക്കാൻ ശ്രമിക്കുന്നത്. ഒരു സമുദായത്തെ ഒന്നടങ്കം രാഷ്ട്രവിരുദ്ധർ ആക്കി മാറ്റാനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ നടത്തിയിരിക്കുന്നത്. ഇതിനോട് സംഘപരിവാറും ബിജെപിയും തങ്ങളുടെ സമീപനം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് വെറുപ്പ് വിളമ്പുകയാണ് ഈ ലേഖനത്തിൽ ഉടനീളം. മത വൈരം കൊണ്ട് അന്ധമായി തീർന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ ഇത്തരമൊരു വാദഗതി മുന്നോട്ടു വെക്കാനാകു.
ഇന്ത്യയിലെ വിവിധ വനമേഖലകൾ കേന്ദ്രീകരിച്ചുള്ള സായുധ വിപ്ലവത്തിന് സഹായം നൽകുന്നത് പോലും ക്രിസ്തീയ സഭകളാണ് എന്ന അതീവ ഗുരുതരവും ദുരുപദിഷ്ടവുമായ ആരോപണം കൂടി ഇതിൽ ഉന്നയിക്കുന്നുണ്ട്. ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തി അവർക്കെതിരെ വ്യാപകമായ ആക്രമണത്തിന് ഇതര മതസ്ഥരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കപട വാദങ്ങളും കലാപാഹ്വാനവുമാണ് ഈ ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ബിജെപി, സംഘപരിവാർ നേതൃത്വങ്ങൾ തയ്യാറാകണം. ലേഖനം ഉടനടി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.