രാഹുല്‍ ഗാന്ധിക്കെതിരായ സംഘപരിവാറിന്റെ വധഭീഷണി; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി

രാഹുല്‍ ഗാന്ധിക്കെതിരായ സംഘപരിവാറിന്റെ വധഭീഷണി; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി

സ്വകാര്യചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയും പ്രതിപക്ഷ നേതാവ് വിഡി സതീശനും നേതൃത്വം നല്‍കി. മ്യൂസിയം ജംഗ്ഷനില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രക്തസാക്ഷി മണ്ഡപത്തിനുമുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ലെന്നും വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പുറത്താണിത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിയമനടപടി ആവശ്യപ്പെട്ട് കത്തുനല്‍കി ശേഷമാണ് വൈകിയെങ്കിലും ബിജെപി വക്താവിനെതിരെ കേസെടുക്കാന്‍ തയ്യാറായത്. ജനകീയ പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലുന്ന പോലീസാണ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനോട് മൃദുസമീപനം സ്വീകരിക്കുന്നത്.

രാജ്യത്തിന്റെ മതേതരത്വവും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ലമെന്റിനകത്തും പുറത്തും പോരാടുന്ന നേതാവ്. ബിജെപി രാജ്യവ്യാപകമായി നടത്തുന്ന വോട്ടുക്കൊള്ളയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന ആശയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപിക്ക് കഴിയുന്നില്ല. അതിനാലാണ് അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഗോഡ്സെയുടെ പിന്തുടര്‍ച്ചാക്കാരാണ് മാധ്യമങ്ങളില്‍ ഇരുന്ന് രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ആര്‍ക്ക് മുന്നിലും കീഴടങ്ങാതെ വര്‍ഗീയതയക്കും ഫാസിസത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ സംഘപരിവാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം വധഭീഷണി. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ വര്‍ഗീയ ഫാസിസ്റ്റിനെതിരെ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും അതിനെതിരെ മുഖം തിരിക്കുകയായിരുന്നു ആഭ്യന്തര വകുപ്പ്. അതിന് കാരണം സിപിഎമ്മിന് ബിജെപിയുമായുള്ള കൂട്ടുക്കെട്ടാണെന്നും വിഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും വര്‍ഗീയവാദികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് തെരുവിലേക്കിറങ്ങും.രാഹുല്‍ ഗാന്ധിയുടെ ദേഹത്ത് മണ്ണ് വാരിയിടാന്‍ പോലും ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ അനുവദിക്കില്ല. ഒരുപാട് പ്രതിസന്ധികളെ നേരിട്ട് വളര്‍ന്നു വന്ന നേതാവാണ് രാഹുല്‍ ഗാന്ധി. പിതൃമാതാവിന്റെയും പിതാവിന്റെയും കൊലപാതകങ്ങള്‍ കണ്ട് കടന്നു വന്ന രാഹുല്‍ ഗാന്ധിയെ ഒരു വാക്കു കൊണ്ടും ഭയപ്പെടുത്താനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അദ്ധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍,പിസി വിഷ്ണുനാഥ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി,എം.ലിജു, ജി.എസ്.ബാബു, ജി.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍, കെ.പി.ശ്രീകുമാര്‍, വി.എസ്.ശിവകുമാര്‍, റ്റി.സിദ്ദിഖ്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ഉമാതോമസ്, ചാണ്ടി ഉമ്മന്‍, സജീവ് ജോസഫ്, റ്റി.ജി വിനോദ്, റ്റി.ശരത്ചന്ദ്രപ്രസാദ്, കെ.മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കരസനല്‍, വര്‍ക്കല കഹാര്‍, എം.എ.വാഹീദ്, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share Email
LATEST
More Articles
Top