ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്ത സ്വയം പ്രഖ്യാപിത ‘ആൾദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാർത്ഥസാരഥി) പ്രവർത്തികൾ പുറത്തുവരാൻ നിർണായകമായത് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ അയച്ച കത്ത്. വർഷങ്ങളായി നിരവധി വിദ്യാർഥിനികളെ ആശ്രമത്തിലെ ഡയറക്ടർ ആയിരുന്ന സ്വാമി ചൈതന്യാനന്ദ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ് ആരോപണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (PGDM) കോഴ്സുകൾ നൽകുന്ന സ്ഥാപനമായിരുന്നു ഡൽഹിയിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ്. ഇവിടെ ഡയറക്ടറായിരുന്നു സ്വാമി ചൈതന്യാനന്ദ.
ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥൻ സ്ഥാപന മേധാവിക്ക് എഴുതിയ കത്തിൽ, ആശ്രമത്തിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നു. തുടർന്നാണ് പരാതികൾ പുറത്തുവരാൻ തുടങ്ങിയത്.
32 വിദ്യാർഥിനികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഇതിൽ 17 പേർ സ്വാമി ചൈതന്യാനന്ദ അശ്ലീല സന്ദേശങ്ങൾ അയക്കുക, മോശം വാക്കുകൾ ഉപയോഗിക്കുക, അനാവശ്യമായി ശാരീരികമായി സ്പർശിക്കുക തുടങ്ങിയ ലൈംഗിക അതിക്രമങ്ങൾ നടത്തിയതായി മൊഴി നൽകി.
രാത്രി വൈകി റൂമിലേക്ക് വരാൻ നിർബന്ധിക്കുക, വിദേശ യാത്രകളിൽ കൂടെ കൊണ്ടുപോവുക, തുടങ്ങിയ ദുരുപയോഗങ്ങൾ നടത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. സ്ഥാപനത്തിലെ ചില ജീവനക്കാർ ഇയാൾക്ക് വേണ്ടി വിദ്യാർഥിനികളെ നിർബന്ധിച്ചതായും ആരോപണമുണ്ട്.
നിലവിൽ ഒളിവിലാണ് ഇയാൾ. ഇയാളുടെ കാറിൽ വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് (39 UN 1) ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്.
ശൃംഗേരിയിലെ ശ്രീ ശാരദാ പീഠം നടത്തുന്ന സ്ഥാപനമാണ് ഇതെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും, പ്രതിയുടെ മോശം പെരുമാറ്റം കാരണം ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി പീഠം പിന്നീട് വ്യക്തമാക്കി.