പാരിസിലെ മുസ്‌ലിം പള്ളികൾക്കു സമീപം ഇമ്മാനുവൽ മാക്രോണിന്റെ പേരെഴുതിയ മുറിച്ചുമാറ്റപ്പെട്ട പന്നിത്തലകൾ: പ്രതിഷേധച്ചൂടിലമർന്ന് ഫ്രാൻസ്

പാരിസിലെ മുസ്‌ലിം പള്ളികൾക്കു സമീപം  ഇമ്മാനുവൽ മാക്രോണിന്റെ പേരെഴുതിയ മുറിച്ചുമാറ്റപ്പെട്ട പന്നിത്തലകൾ: പ്രതിഷേധച്ചൂടിലമർന്ന് ഫ്രാൻസ്

പാരിസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ മുസ്‌ലിം പള്ളികൾക്കു സമീപം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പേരെഴുതിയ മുറിച്ചുമാറ്റപ്പെട്ട പന്നിത്തലകൾ കണ്ടെത്തി. നഗരത്തിലെ ഒമ്പത് പള്ളികൾക്കു പുറത്താണ് നീലമഷിയിൽ മാക്രോണിന്റെ പേരെഴുതിയ പന്നിത്തലകൾ പ്രത്യക്ഷപ്പെട്ടത്.

ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇസ്ലാം വിരുദ്ധ സംഭവങ്ങൾ 75% വർധിച്ചു. വ്യക്തികൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായി കൂടി. ഗാസ സംഘർഷം ആരംഭിച്ചതിനുശേഷം ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാം വിരുദ്ധതയും ജൂതവിരുദ്ധതയിലും വർധനവുണ്ടായതായി യൂറോപ്യൻ യൂണിയന്റെ അടിസ്ഥാനാവകാശ ഏജൻസിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സംഭവത്തിൽ മുസ്ലിം സമുദായ പ്രതിനിധികളെ കണ്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണ അറിയിച്ചു. സംഭവം വംശീയ നടപടിയാണെന്ന്‌ വിശേഷിപ്പിച്ച പാരിസ് മേയർ ആൻ ഹിഡാൽഗോ നിയമനടപടി സ്വീകരിച്ചതായി പറഞ്ഞു. സംഭവത്തെ അതിക്രൂരമെന്നും ഒരിക്കലും അംഗീകരിക്കാനാവാത്തതെന്നും ആഭ്യന്തര മന്ത്രി ബ്രൂണോ റിറ്റെയ്ലോ വിശേഷിപ്പിച്ചു. മുസ്ലിം പൗരന്മാർക്ക് അവരുടെ വിശ്വാസം സമാധാനപരമായി അനുഷ്ഠിക്കാൻ കഴിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പന്നിത്തലകൾ കണ്ടെത്തിയതിനെ ഇസ്ലാം വിദ്വേഷം വളരുന്നതിലെ പുതിയതും ദുഃഖകരവുമായ ഘട്ടമാണെന്ന് ഗ്രാൻഡ് മോസ്‌ക് ഓഫ് പാരിസിന്റെ ഇമാമായ ഷംസുദ്ദീൻ ഹാഫിസ് വിശേഷിപ്പിച്ചു. ‘മാസങ്ങളായി ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, പക്ഷേ ആരും അത് കേൾക്കുന്നില്ല. അടുത്ത ഘട്ടം എന്തായിരിക്കും?’ വിവേചന വിരുദ്ധ സംഘടനയായ അഡ്ഡാമിന്റെ തലവൻ ബസ്സിറോ കമാര മുന്നറിയിപ്പ് നൽകി.

Severed pig heads with Emmanuel Macron’s name written on them near mosques in Paris

Share Email
Top