വാഷിങ്ടണ്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധനായ ജെഫ്രി എപ്സ്റ്റീന് 2003 ൽ ഡോണാള്‍ഡ് ട്രംപ് അയച്ചതായി ആരോപിക്കപ്പെടുന്ന അശ്ലീല ജന്മദിനാശംസ കുറിപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പുറത്തുവിട്ടു. യുഎസ് പ്രതിനിധിസഭയുടെ മേല്‍നോട്ട സമിതിയിലെ ഡെമോക്രാറ്റുകളാണ് ഈ വിവാദാസ്പദമായ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത്തരമൊരു കുറിപ്പ് അയച്ചിട്ടില്ലെന്ന് ട്രംപ് നിഷേധിച്ചിരുന്നെങ്കിലും, വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെതിരെ അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
കുറിപ്പില്‍ നഗ്നയായ സ്ത്രീയുടെ രേഖാചിത്രം വരച്ച്, അതില്‍ ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണം എഴുതിച്ചേര്‍ത്തിരിക്കുന്നു. സ്ത്രീയുടെ സ്വകാര്യഭാഗത്ത് ട്രംപിന്റെ പേരിലുള്ള ഒപ്പും ചേര്‍ത്തിട്ടുണ്ട്. ‘എല്ലാ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെ’ എന്ന ആശംസയോടെയാണ് 2003-ല്‍ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തില്‍ ഈ സന്ദേശം അയച്ചതെന്നാണ് ആരോപണം.
എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിലൈന്‍ മാക്സ്വെല്‍, അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച ആശംസകള്‍ പുസ്തകരൂപത്തിലാക്കിയിരുന്നു, അതില്‍ ട്രംപിന്റെ കുറിപ്പും ഉള്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഈ കുറിപ്പിന്റെ ആധികാരികത വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപ് ഇത്തരമൊരു ചിത്രം വരച്ചിട്ടില്ലെന്നും ഒപ്പിട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി, നിയമനടപടികള്‍ തുടരുമെന്നും അറിയിച്ചു.