അനിയൻ തയ്യിൽ
ഹൂസ്റ്റൺ: ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും ടെക്സാസിലെ പ്രമുഖ പ്രസ്ഥാനമായ ശ്രീനാരായണ ഗുരു മിഷന്റെ (SNGM) ആഭിമുഖ്യത്തിൽ സ്റ്റാഫോർഡിലെ ശ്രീനാരായണ നഗറിൽ 2025 സെപ്റ്റംബർ 7-ന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. മഹാബലിയും പുലികളിയും വർണ്ണശബളമായ ഘോഷയാത്രയും ചെണ്ടമേളവും താലപ്പൊലിയും അടക്കം നിരവധി കലാരൂപങ്ങൾ ഘോഷയാത്രക്ക് മാറ്റുകൂട്ടി.

ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിവര്യനും എറണാകുളം ശ്രീ ശങ്കരാശ്രമം സെക്രട്ടറിയുമായ സ്വാമി ശിവസ്വരൂപാനന്ദ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാദർ ഐസക് ബി. പ്രകാശ്, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് കെ. ജോൺ, FSNONA ജനറൽ സെക്രട്ടറി സുജി വാസവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശിവഗിരി തീർത്ഥാടനം ആധാരമാക്കി അശ്വനികുമാർ വാസുവും ബിജു മോഹനും തയ്യാറാക്കിയ വീഡിയോ എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
SNGM പ്രസിഡന്റ് അഡ്വക്കേറ്റ് അനിയൻ തയ്യിൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈജി അശോകൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ഉണ്ണി മണപ്പുറം നന്ദിയും പറഞ്ഞു. 2026 ജൂലൈ മാസത്തിൽ ഫ്ലോറിഡയിൽ നടക്കുന്ന ആറാമത് ശ്രീനാരായണ ഗ്ലോബൽ കൺവെൻഷന്റെ കിക്ക്ഓഫ് മോഹൻ ദിവാകരനും സ്മൃതി മോഹനും ആദ്യ രജിസ്ട്രേഷൻ എടുത്തുകൊണ്ട് നിർവഹിച്ചു.

SNGM അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഹൂസ്റ്റൺ നിവാസികളുടെ മനം കവർന്നു. ഉണ്ണി മണപ്പുറം, വിദ്യ ബിജു, വിഘ്‌നേഷ്, വിനോദ് വാസുദേവൻ, രേഷ്മ വിനോദ്, സ്മൃതി മോഹൻ, അനിത മധു, പ്രകാശൻ ദിവാകരൻ, മനോജ് ഗോപി, ശിവൻ രാഘവൻ, മധു ചേരിക്കൽ, ട്രഷറർ ലീല ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജോളി ജോർജ്, ജോയിന്റ് ട്രഷറർ രാഹുൽ സോമൻ, ബോർഡ് അംഗങ്ങളായ പുഷ്കരൻ സുകുമാരൻ, ഗോപകുമാർ മണികണ്ഠശ്ശേരിൽ, ജയശ്രീ അനിരുദ്ധൻ, അശോകൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Sree Narayana Gurudeva Jayanti and Onam celebrations celebrated in Houston













