ശിവഗിരി: ശ്രീനാരായണഗുരു ലോകത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ എല്ലാം സമൂഹത്തിന് നല്‍കിയ യഥാര്‍ത്ഥ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നുവെന്നും ഗുരുവിന്റെ സന്ദേശങ്ങള്‍ പുതുതലമുറ ജീവിതത്തില്‍ പകര്‍ത്തണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
ശിവഗിരിയില്‍ ശ്രീ നാരായണ ഗുരു ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിനെ തന്റെ ദിവ്യപാതയാലും സമൂഹസേവന സന്ദേശത്താലും പ്രകാശിപ്പിച്ച മഹാനായ ആത്മാവിന്റെ സ്മരണയാണ് നാം ആഘോഷിക്കുന്നത്. കേരളത്തിനാകെ അഭിമാനദിനം കൂടിയാണ് ഇത്. ഇത്തരമൊരു മഹാത്മാവ് ഈ മണ്ണില്‍ നടന്നുവെന്നത്, നമ്മെ വഴികാട്ടി മുന്നോട്ടു കൊണ്ടുപോയെന്നത്, നമ്മുടെ ഭാഗ്യമാണ്.
ഗുരുദേവന്റെ സമാധിയില്‍ പ്രണാമം അര്‍പ്പിക്കുവാന്‍ ഭാഗ്യം കിട്ടി. അവിടെയുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ നമ്മിലേക്ക് ഒഴുകിയെത്തുന്നതായി അനുഭവിച്ചു സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ സമയങ്ങളില്‍ നമ്മെ വീണ്ടും വീണ്ടും വഴികാട്ടുന്ന അനുഗ്രഹങ്ങള്‍.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, ധാര്‍മിക ആശയക്കുഴപ്പം ഉയരുന്ന സമയങ്ങളില്‍ ദിവ്യമായ മാര്‍ഗനിര്‍ദ്ദേശം പ്രത്യക്ഷപ്പെടുമെന്നതാണ്. അങ്ങനെ തന്നെ, മഹാഭാരത യുദ്ധഭൂമിയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ ആശയക്കുഴപ്പം നീക്കി ധര്‍മ്മമാര്‍ഗംം പഠിപ്പിച്ചതുപോലെ, നാരായണഗുരു പോലുള്ള മഹാത്മാക്കള്‍ ജനങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നമ്മെ വഴികാട്ടുന്നു. ”യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത…’ എന്ന ദിവ്യാശ്വാസത്തിന്റെ ജീവിക്കുന്ന പ്രതീകമായിരുന്നു ഗുരുദേവന്‍. ധര്‍മ്മത്തിന്റെ, ഐക്യത്തിന്റെ, സേവനത്തിന്റെ മാര്‍ഗ്ഗമാണ് അദ്ദേഹം നമ്മെ കാണിച്ചുതന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു
Sree Narayana Guru’s ideas should be embodied in life: Governor