ന്യൂഡൽഹി: പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെ പ്രതിമകൾ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിഎംകെ നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിർദേശം. തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി.
പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിച്ച് അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ പ്രതിമകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മുൻകാല രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കാൻ എന്തിനാണ് പൊതു പണം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
തിരുനെൽവേലി ജില്ലയിലെ വള്ളിയൂർ വെജിറ്റബിൾ മാർക്കറ്റിന് സമീപം മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനായിരുന്നു ഡിഎംകെ സർക്കാർ ശ്രമിച്ചത്. എന്നാൽ, പൊതു സ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കി കമാനം നിർമ്മിച്ചിട്ടുണ്ടെന്നും ഇതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതിനാൽ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി കൂടി നൽകണമെന്നും തമിഴ്‌നാട് സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് മൺമറഞ്ഞ രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. തുടർന്ന് തമിഴ്‌നാട് സർക്കാരിന്റെ ഹർജി കോടതി തള്ളുകയായിരുന്നു.
Statues of leaders should not be erected using public money: Supreme Court