ആഗോള അയ്യപ്പ സംഗമം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. സംസ്ഥാന സർക്കാരിന് വലിയ ആശ്വാസമേകുന്നതാണ് സുപ്രീം കോടതിയുടെ അനുമതി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നും സംഗമം നടത്താമെന്നും ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, സംഗമം അതിന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും ഹൈക്കോടതി നിബന്ധനകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. ഏതെങ്കിലും പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം തിരുവിതാംകൂർ ദേവസ്വം ബോർഡിനായിരിക്കുമെന്നും പരാതികൾ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും പമ്പാ തീരത്തെ പരിപാടി വനനിയമ ലംഘനമാണെന്നും ആരോപിച്ച് വി സി അജികുമാർ, അജീഷ് ഗോപി, ഡോ. പി എസ് മഹേന്ദ്രകുമാർ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി പ്രാഥമിക വിഷയങ്ങൾ പരിശോധിക്കാതെയാണ് തീരുമാനമെടുത്തതെന്നും ഹർജിക്കാർ വാദിച്ചു. സംഗമം തടയാതിരുന്നാൽ ഭാവിയിൽ മതപരിപാടികളുടെ മറവിൽ രാഷ്ട്രീയ പരിപാടികൾ നടത്താൻ സർക്കാരുകൾക്ക് അവസരം ലഭിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡും കേസിൽ തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.













