ന്യൂഡൽഹി: നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകളുടെ വിദേശ ധനസഹായ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ചെന്നൈ ആസ്ഥാനമായുള്ള എല്ലൻ മെമ്മോറിയൽ ട്രസ്റ്റ് എന്ന എൻ.ജി.ഒയുടെയും അതിന്റെ സഹ സംഘടനയുടെയും വിദേശ സഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) പ്രകാരമുള്ള രജിസ്‌ട്രേഷൻ പുതുക്കി നൽകാനുള്ള മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ പരാമർശം.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. കാര്യങ്ങൾ സങ്കീർണ്ണമാക്കി, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ അപമാനിക്കുന്ന നയം സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. 2024 ജൂൺ 25-നാണ് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. 1982 മുതൽ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എല്ലൻ ട്രസ്റ്റ്. എഫ്.സി.ആർ.എ നിയമപ്രകാരം, 2016-ലാണ് ഈ സംഘടന അവസാനമായി രജിസ്‌ട്രേഷൻ പുതുക്കിയത്. അഞ്ച് വർഷത്തിനുശേഷം രജിസ്‌ട്രേഷൻ പുതുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. ഇതോടെ, സംഘടനയ്ക്ക് വിദേശത്തുനിന്ന് ധനസമാഹരണം നടത്താനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
എഫ്.സി.ആർ.എ നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച്, വിദേശത്തുനിന്ന് ലഭിച്ച പണം മറ്റൊരു എൻ.ജി.ഒയ്ക്ക് കൈമാറാൻ പാടില്ല. എന്നാൽ, എല്ലൻ ട്രസ്റ്റ് സഹ സംഘടനയ്ക്ക് പണം കൈമാറിയത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു എൻ.ജി.ഒകളുടെയും രജിസ്‌ട്രേഷൻ കേന്ദ്രം റദ്ദാക്കിയത്. എഫ്.സി.ആർ.എ നിയമത്തിൽ 2020-ൽ ഭേദഗതി വരുത്തിയാണ് ഏഴാം വകുപ്പ് കൂട്ടിച്ചേർത്തത്. ഇക്കാരണത്താൽ, നിയമത്തിലെ ചട്ടങ്ങളെക്കുറിച്ചുള്ള വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത് സാങ്കേതികപരമായ പിഴവ് മാത്രമാണെന്നും ഗുരുതരമായ സാമ്പത്തിക തിരിമറികൾ നടത്തിയതിന് തെളിവുകളില്ലെന്നും ഹൈക്കോടതി വിലയിരുത്തി. അതിനാൽ, രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. എഫ്.സി.ആർ.എ നിയമത്തിന്റെ പേരിൽ മോദി സർക്കാർ നിരവധി സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
Supreme Court opposes central government’s move to cancel foreign funding registration of NGOs