ഡൽഹി: ചലച്ചിത്രതാരവും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെയുള്ള അപകീർത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. 2021-ലെ കർഷക സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീക്കെതിരെ കങ്കണ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റുമായി ബന്ധപ്പെട്ടതാണ് കേസ്.
ബഠിൻഡയിൽ നിന്നുള്ള 73 വയസ്സുകാരിയായ മഹിന്ദർ കൗർ എന്ന സ്ത്രീയാണ് കങ്കണയ്ക്കെതിരെ കേസ് നൽകിയത്. കർഷക സമരത്തിൽ പങ്കെടുത്ത മഹിന്ദർ കൗറിനെ ഡൽഹിയിൽ 2019-ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത ‘ഷഹീൻ ബാഗ് ദാദി ബിൽക്കിസ്’ ആയി തെറ്റിദ്ധരിപ്പിച്ച് ട്വിറ്ററിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മഹിന്ദർ കൗർ ആരോപിച്ചു
മഹിന്ദർ കൗറിനെ ഷഹീൻ ബാഗ് ദാദിയായി തെറ്റിദ്ധരിച്ച്, നൂറ് രൂപയ്ക്ക് പ്രതിഷേധിക്കാൻ വാടകയ്ക്ക് എടുക്കാവുന്ന സ്ത്രീകളാണ് അവരെന്നാണ് കങ്കണ ട്വീറ്റിൽ ആരോപിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്, കങ്കണയുടെ ട്വീറ്റ് ഒരു സാധാരണ റീട്വീറ്റ് അല്ലെന്നും ‘മസാല’ ചേർത്തതാണെന്നും നിരീക്ഷിച്ചു. ട്വീറ്റിലെ ഉള്ളടക്കം വിചാരണ കോടതിക്ക് തീരുമാനിക്കാനുള്ള വിഷയമാണെന്നും കോടതി വ്യക്തമാക്കി.