സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നത്; ഏതാനും വ്യവസ്ഥകളല്ല, വഖഫ് ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ്

സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നത്; ഏതാനും വ്യവസ്ഥകളല്ല, വഖഫ് ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ ഇടക്കാല വിധി സ്വാഗതാര്‍ഹവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് സുപ്രീം കോടതി വിധി. ഈ സാഹചര്യത്തില്‍ ഏതാനും വ്യവസ്ഥകള്‍ മാത്രമല്ല, ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വ്യവസ്ഥയും ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കലക്ടര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പ്രസ്താവിക്കാന്‍ അനുവാദമില്ലെന്ന കോടതി നിലപാട് സ്വാഗതാര്‍ഹമാണ്. സംസ്ഥാന കേന്ദ്ര വഖ്ഫ് ബോര്‍ഡുകളില്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയ നടപടിയും ആശാവഹമാണ്.

നിയമ നിര്‍മ്മാണത്തിലൂടെ വര്‍ഗീയ അജണ്ട നടപ്പിക്കാമെന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കാണ് സുപ്രീം കോടതി പ്രഹരമേല്‍പിച്ചിരുക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താനാകില്ലെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതി വിധി.

Share Email
Top