നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും: സുശീല കാർക്കിക്ക് ഇന്ത്യയോടും സഹോദര സ്നേഹം

നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും: സുശീല കാർക്കിക്ക് ഇന്ത്യയോടും സഹോദര സ്നേഹം

1952 ജൂലൈ 7-ന് നേപ്പാളിലെ ബിരാട്‌നഗറിൽ ജനിച്ച സുശീല കാർക്കി, നിയമരംഗത്തും രാഷ്ട്രീയത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുകയും പിന്നീട് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്ത വനിത എന്ന നിലയിൽ അവർ ഏറെ പ്രശസ്തയാണ്.

വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും

സുശീല കാർക്കി ഇന്ത്യയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദം കരസ്ഥമാക്കി. 1979-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ, 1985-ൽ അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 2007-ൽ സീനിയർ അഡ്വക്കേറ്റ് പദവിയിലെത്തിയ ശേഷം, 2009-ൽ സുപ്രീം കോടതിയിൽ താത്കാലിക ജഡ്ജിയായും 2010-ൽ സ്ഥിരം ജഡ്ജിയായും നിയമിക്കപ്പെട്ടു.

നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

2016 ജൂലൈ 11 മുതൽ 2017 ജൂൺ 7 വരെ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സുശീല കാർക്കി പ്രവർത്തിച്ചു. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ, പരിവർത്തന നീതിയും തിരഞ്ഞെടുപ്പ് തർക്കങ്ങളും ഉൾപ്പെടെ നിരവധി നിർണായക കേസുകളിൽ അവർ വിധി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, 2017 ഏപ്രിൽ 30-ന് മാവോയിസ്റ്റ് സെന്ററും നേപ്പാളി കോൺഗ്രസും ചേർന്ന് അവർക്കെതിരെ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കി. വ്യാപകമായ ജനകീയ പ്രതിഷേധങ്ങളെയും സുപ്രീം കോടതിയുടെ താത്കാലിക ഉത്തരവിനെയും തുടർന്ന് ഈ നീക്കം പിന്നീട് പിൻവലിക്കപ്പെട്ടു.

അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ നേപ്പാൾ സർക്കാർ പുറത്തായ സാഹചര്യത്തിലാണ് സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റത്. നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗദൽ, സൈനിക മേധാവി അശോക് രാജ് സെഗ്ദെൽ, ജെൻ സീ പ്രക്ഷോഭത്തിന്റെ പ്രതിനിധികൾ എന്നിവർ ചേർന്നാണ് അവരെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. എൻജിനീയർ കുൽമൻ ഘുൽസിങ്, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ എന്നിവരുടെയും പേരുകൾ പരിഗണിച്ചിരുന്നുവെങ്കിലും ബാലേന്ദ്ര ഷാ പിന്നീട് കാർക്കിയെ പിന്തുണച്ചു.

ഇന്ത്യയെക്കുറിച്ചുള്ള നിലപാടുകൾ

ഇന്ത്യയെക്കുറിച്ച് മികച്ച അഭിപ്രായമാണ് അവർ പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയും നേപ്പാളും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും, ഇന്ത്യൻ നേതാക്കളെ സഹോദരീസഹോദരന്മാരായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പഠനകാലത്തെ ഓർമ്മകളും ഗംഗാ നദിയുമെല്ലാം അവർ അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കലാപകാലത്ത് നേപ്പാളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുനൽകിയതും അവരുടെ വാക്കുകളിൽ ഉൾപ്പെടുന്നു.

Sushila Karki, Nepal’s first female Chief Justice, was sworn in as the interim Prime Minister following a public protest

Share Email
Top