ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണ വിധേയനായ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾക്ക് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ചൈതന്യാനന്ദയെ ആഗ്രയിൽവെച്ചാണ് പൊലീസ് പിടികൂടിയത്.
ഡൽഹി വസന്ത് കുഞ്ചിലെ ഒരു ആശ്രമം കേന്ദ്രീകരിച്ച് 17 വിദ്യാർത്ഥികൾ അടക്കം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായത്. ഡൽഹിയിലെ സ്വകാര്യ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ‘ഡയറക്‌ടർ’ കൂടിയായ ഇയാളെ ആഗ്രയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ഭാഷ ഉപയോഗിക്കുക, സ്ത്രീകളുടെ മൊബൈലിലേക്ക് മോശം സന്ദേശങ്ങൾ അയക്കുക, ലൈംഗിക അതിക്രമത്തിന് ശ്രമിക്കുക തുടങ്ങിയ നിരവധി പരാതികളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പോടെ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്‌മെൻ്റ് ഡിപ്ലോമ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥിനികളെയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി ദുരുപയോഗം ചെയ്തതെന്നാണ് പരാതി. ആശ്രമത്തിലെ ചില വാർഡൻമാർ വഴിയാണ് ഇയാൾ വിദ്യാർത്ഥിനികളെ പരിചയപ്പെട്ടത്. വിദേശയാത്രകൾ വാഗ്ദാനം ചെയ്തും, മോശം ചാറ്റുകളിലൂടെയും വിദ്യാർത്ഥിനികളെ ഇയാൾ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നതായും പരാതിക്കാർ വെളിപ്പെടുത്തി. ഇതിന് പുറമെ, വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൽ ഇയാൾ രഹസ്യ ക്യാമറകൾ സ്ഥാപിച്ചതായും ആരോപണമുണ്ട്.
ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇയാളെ ആശ്രമം അഡ്മിനിസ്ട്രേഷൻ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ആശ്രമമായ ശൃംഗേരിയിലെ ദക്ഷിണാംനായ ശ്രീ ശാരദാ പീഠത്തിൻ്റെ ശാഖയാണ് ഡൽഹിയിലെ ഈ ഇൻസ്റ്റിറ്റ്യൂട്ട്. സ്വാമി ചൈതന്യാനന്ദയുടെ പ്രവൃത്തികൾ ‘അനുചിതമാണ്’ എന്ന് മതസംഘടന പ്രതികരിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ 50 ലക്ഷത്തിലധികം രൂപ പിൻവലിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.













