ട്രംപിന്റെ തീരുവയെ പരിഹസിച്ച് ട്രോളി പുതിയ വാച്ചുമായി സ്വിസ് കമ്പനി; 3-ന്റെയും 9-ന്റെയും സ്ഥാനംമാറ്റി

ട്രംപിന്റെ തീരുവയെ പരിഹസിച്ച് ട്രോളി പുതിയ വാച്ചുമായി സ്വിസ് കമ്പനി; 3-ന്റെയും 9-ന്റെയും സ്ഥാനംമാറ്റി

സൂറിച്ച്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വിറ്റ്‌സർലൻഡിന് മേൽ ചുമത്തിയ 39% ഇറക്കുമതി തീരുവയെ പരിഹസിച്ച് പുതിയ വാച്ചുമായി സ്വിസ് വാച്ച് നിർമാതാക്കളായ സ്വാച്ച് രംഗത്ത്. സാധാരണ വാച്ചുകളിൽനിന്ന് വ്യത്യസ്തമായി 3-ന്റെ സ്ഥാനത്ത് 9-ഉം, 9-ന്റെ സ്ഥാനത്ത് 3-ഉം ആണ് പുതിയ വാച്ചിലുള്ളത്. ഇത് 39% തീരുവയെ സൂചിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

‘What TARIFFS?!’ എന്ന് പേരിട്ടിരിക്കുന്ന ഈ വാച്ച് നിലവിൽ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്ന് സ്വാച്ച് വെബ്‌സൈറ്റിൽ പറയുന്നു. ഇത് ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്.

നിലവിൽ സ്വിറ്റ്‌സർലൻഡിൽ മാത്രമാണ് ഈ വാച്ച് ലഭ്യമാകുക. 139 സ്വിസ് ഫ്രാങ്ക് (ഏകദേശം 15,348 രൂപ) ആണ് ഇതിന്റെ വില.

പുതിയ വാച്ചിനെക്കുറിച്ച് സ്വാച്ച് വക്താവ് സി.എൻ.എൻ. എന്ന അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുമ്പോൾ ഇതിനെ ഒരു പോസിറ്റീവ് പ്രകോപനം എന്നാണ് വിശേഷിപ്പിച്ചത്. തീരുവയിൽ മാറ്റം വരുത്തുകയോ യു.എസ്.-സ്വിറ്റ്‌സർലൻഡ് രാജ്യങ്ങൾ തമ്മിൽ ഒരു കരാറിലെത്തുകയോ ചെയ്താൽ ഈ മോഡലിന്റെ വിൽപന നിർത്തുമെന്ന് സ്വാച്ച് വക്താവ് വ്യക്തമാക്കി.

സ്വിസ് വാച്ചുകളുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. കഴിഞ്ഞ വർഷം മാത്രം 5.4 ബില്യൺ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് യു.എസിലേക്ക് കയറ്റി അയച്ചത്. ഇതിനിടയിലായിരുന്നു സ്വിറ്റ്‌സർലൻഡിനെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം 39% തീരുവ ചുമത്തിയത്.

Swiss company mocks Trump’s tariffs with new watch; swaps 3 and 9

Share Email
Top