വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ. ഐസക്ക് ; എൻ.ഡി. അപ്പച്ചനെ എഐസിസി അംഗമാക്കി

വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ. ഐസക്ക് ; എൻ.ഡി. അപ്പച്ചനെ എഐസിസി അംഗമാക്കി

കൽപ്പറ്റ: വയനാട് ഡിസിസി അധ്യക്ഷനായി ടി.ജെ. ഐസക്കിനെ നിയമിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാനാണ് അദ്ദേഹം. എൻ.ഡി. അപ്പച്ചൻ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. എൻ.ഡി. അപ്പച്ചനെ എഐസിസി അംഗമായി നിയമിച്ചു.

വയനാട്ടിലെ കോൺഗ്രസിൽ നിലനിന്നിരുന്ന വിഭാഗീയതയും തർക്കങ്ങളും കാരണം നേരത്തെതന്നെ സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കൾക്ക് താക്കീത് നൽകിയിരുന്നു. എൻ.ഡി. അപ്പച്ചന്റെ ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തുവന്നത് സംഘടനയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്ക് മുന്നോടിയായിത്തന്നെ വയനാട് ഡിസിസി അധ്യക്ഷൻ രാജി വെക്കേണ്ട സാഹചര്യം ഉണ്ടായത്.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലം കൂടിയായ വയനാട്ടിലെ കോൺഗ്രസിലുണ്ടായ ഈ പടലപ്പിണക്കങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത് കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം കെപിസിസിയോട് നിർദ്ദേശിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ പദവി രാജിവെച്ചത്. പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെയും മുൻ ജില്ലാ ട്രഷറർ എൻ.എം. വിജയൻ്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച സംഭവവും വിവാദമായതിന് പിന്നാലെയായിരുന്നു രാജി.

ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിൻ്റെ കുടുംബം കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിൽവെച്ച് പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചിരുന്നു. ജോസിന്റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പ്രിയങ്കയെ കണ്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ഡിസിസി അധ്യക്ഷൻ രാജി സമർപ്പിച്ചത്.

T.J. Isaac becomes Wayanad DCC president; ND Appachan made AICC member

.

Share Email
More Articles
Top