ചെന്നൈ: പ്രമുഖ തമിഴ് നടൻ റോബോ ശങ്കർ (46) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ രോഗം ഭേദമായതിനെ തുടർന്ന് വീണ്ടും അഭിനയരംഗത്ത് സജീവമായി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മാരി, വീരം, വിശ്വാസം തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ റോബോ ശങ്കർ ടെലിവിഷൻ പരിപാടികളിലൂടെയാണ് കലാജീവിതം ആരംഭിച്ചത്.
റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം . നടൻ കമൽ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടന്മാരായ ധനുഷ്, വിജയ് സേതുപതി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. “റോബോ എന്നത് ഒരു വിളിപ്പേര് മാത്രമാണ്. എന്റെ നിഘണ്ടുവിൽ നീ ഒരു മനുഷ്യനാണ്, എന്റെ അനുജനാണ്. നിന്റെ ജോലി കഴിഞ്ഞു, നീ പോയി. എന്റെ ജോലി ഇവിടെ ബാക്കിയാണ്. നാളയെ ഞങ്ങൾക്ക് വേണ്ടി നീയാണ് ബാക്കിവെച്ചത്. അതിനാൽ നാളെ ഞങ്ങൾക്കുള്ളതാണ്” എന്നായിരുന്നു ആദരാഞ്ചലി അർപ്പിച്ച് കമൽ ഹാസൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പ്.
കുടുംബത്തോടൊപ്പം റോബോ ശങ്കറിന്റെ വീട്ടിലെത്തി ധനുഷും ഉദയനിധി സ്റ്റാലിനും അന്ത്യാഞ്ജലി അർപ്പിച്ചു.












