വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ. ഇന്ത്യക്കെതിരെ വൻ താരിഫ് ചുമത്തികൊണ്ടുള്ള ട്രംപിന്റെ നടപടി അമേരിക്കൻ ബ്രാൻഡിന്റെ തന്നെ വിശ്വാസ്യതക്ക് ദോഷകരമായി ബാധിച്ചതായി വൈറ്റ് ഹൗസിലെ മുൻ ഉദ്യോഗസ്ഥാൻ തുറന്നടിച്ചു.
അമേരിക്കയുടെ ഇത്തരം വഴിവിട്ട നടപടികൾ ചൈനയെ കൂടുതൽ ശക്തരും ഉത്തരവാദിത്തവുമുള്ളവരാക്കി മാറ്റുമെന്നും ജെയ്ക് സള്ളിവൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷംകൊണ്ട് പലരാജ്യങ്ങളിലും ചൈന അമേരിക്കയേക്കാൾ ജനപ്രതീയാർജിച്ചുകഴിഞ്ഞു. ഒരു വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇപ്പോൾ രാജ്യങ്ങൾ അമേരിക്കൻ ബ്രാൻഡിനെ ടോയ്‍ലറ്റിലേക്ക് തള്ളിയപ്പോൾ ചൈന കൂടുതൽ ഉത്തരവാദിത്തമുള്ള നിലവാരത്തിലേക്കുയരുന്നുവെന്നും ‘ദി ബൾവാർക്’ പോഡ്കാസ്റ്റിൽ പങ്കെടുത്തുകൊണ്ട് ജെയ്ക് സള്ളിവൻ പറഞ്ഞു.
അമേരിക്കയുടെ സൗഹൃദ, പങ്കാളി രാജ്യങ്ങൾ ഇപ്പോൾ നമ്മുടെ രാജ്യത്തെ ഒരു ശല്യക്കാരനായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ പോയി നേതാക്കളുമായി സംസാരിക്കുമ്പോൾ, അവർ അമേരിക്കയെ അപകീർത്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇപ്പോൾ അമേരിക്കയെ അവർ വലിയ തടസ്സക്കാരും, വിശ്വസിക്കാൻ പറ്റാത്ത രാജ്യമായും കാണുന്നു. എന്നാൽ, ചൈന ജനകീയതയിലും വിശ്വാസ്യതയിലും അമേരിക്കയേക്കാൾ മുന്നിലാണ് -ജെയ്ക് സള്ളിവൻ വ്യക്തമാക്കി.
ഇന്ത്യക്കെതിരായ ട്രംപിന്റെ തീരുവ നയങ്ങൾ അവരെ ചൈനയുമായി സൗഹൃദത്തിലേക്കും ഒന്നിച്ചിരിക്കുന്നതിലേക്കും നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി ആഴമേറിയതും സുസ്ഥിരവുമായ ബന്ധം കെട്ടിപ്പടുക്കാൻ ശ്രമിച്ച ഒരു രാജ്യമാണ് ഇന്ത്യ. ഇപ്പോൾ പ്രസിഡന്റ് ട്രംപ് വൻ തീരുവ ചുമത്തി വെല്ലുവിളി ഉയർത്തിയപ്പോൾ ഇന്ത്യക്കാർ അമേരിക്കയോട് ബൈ പറഞ്ഞ് ചൈനയുമായി സൗഹൃദത്തിലേക്ക് നീങ്ങുന്നു -ജെയ്ക് സള്ളിവൻ വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച പ്രാബല്ല്യത്തിൽ വന്ന ട്രംപിന്റെ അധിക തീരുവ വിഷയത്തിൽ അമേരിക്കയിൽ തന്നെ വ്യാപക വിമർശനം ഉയരുന്നതിന്റെ സൂചനയാണ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പരാമർശങ്ങൾ. മറ്റൊരു സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടനും ട്രംപിന്റെ അധിക തീരുവ നയത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയപ്പോൾ, റഷ്യയുമായി ഇടപാട് നടത്തുന്ന ചൈനക്കെതിരെ ഒരു ഉപരോധവുമില്ലെന്നത് ട്രംപിന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു ജോൺ ബോൾട്ടന്റെ വിമർശനം.
പിഴച്ചുങ്കവും അധിക തീരവയും ഉൾപ്പെടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര സൗഹൃദത്തിനു തിരിച്ചടിയായ നീക്കത്തിനു പിന്നാലെ ഇന്ത്യയുടെ ചൈനീസ് അനുകൂല സമീപനം അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായി മാറി.
Tariff action against India is damaging to the credibility of the American brand: Biden’s national security advisor Jake Sullivan