വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ‘റെസിപ്രോക്കൽ താരിഫ്’ നയങ്ങൾ അധികാര ദുർവിനിയോഗമാണെന്ന് സുപ്രീം കോടതി വിധിച്ചാൽ, ട്രഷറി വകുപ്പ് താരിഫ് തുകയുടെ പകുതിയോളം തിരികെ നൽകേണ്ടിവരുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഈ നീക്കം ട്രഷറിക്ക് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം എൻബിസി ന്യൂസിൻ്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ തുറന്നുസമ്മതിച്ചു.
“ഏകദേശം പകുതി താരിഫും ഞങ്ങൾ തിരികെ നൽകേണ്ടിവരും, അത് ട്രഷറിക്ക് ദോഷകരമായി ബാധിക്കും,” ബെസന്റ് പറഞ്ഞു. കോടതി ട്രംപിന് എതിരായി വിധിച്ചാൽ, അത് അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, താരിഫുകൾക്ക് മറ്റ് നിയമപരമായ വഴികളുണ്ടെന്നും, ഇത് ട്രംപിന്റെ ചർച്ചാശേഷിയെ ദുർബലമാക്കുമെന്നും ബെസന്റ് സൂചിപ്പിച്ചു.
സിബിഎസ് ന്യൂസിന്റെ ‘ഫേസ് ദി നേഷൻ’ പരിപാടിയിൽ സംസാരിച്ച നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. താരിഫുകൾ നടപ്പാക്കാൻ ‘മറ്റ് നിയമപരമായ അധികാരങ്ങൾ’ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീൽ, അലുമിനിയം താരിഫുകൾക്ക് ഉപയോഗിച്ച ‘സെക്ഷൻ 232’ പോലുള്ള മറ്റ് മാർഗങ്ങളും അദ്ദേഹം നിർദേശിച്ചു.
സുപ്രീം കോടതിയുടെ അന്തിമ വിധി ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾക്കും അധികാരങ്ങൾക്കും നിർണായകമായിരിക്കും. കോടതി വിധി ട്രംപിന് എതിരായാൽ, അത് അദ്ദേഹത്തിൻ്റെ ഭരണത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.