അമേരിക്കന്‍ മലയാളികളെ ആവേശത്തിലാഴ്ത്തികൊണ്ട് ടീം വോയ്‌സ് ഓഫ് ഫോമാ തങ്ങളുടെ പാനല്‍ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി ബിജു തോണിക്കടവിലും, ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസും, ട്രഷറര്‍ ആയി പ്രദീപ് നായരും, വൈസ് പ്രസിഡണ്ടായി സാമുവല്‍ മത്തായിയും, ജോയിന്റ് സെക്രട്ടറിയായി ഡോക്ടര്‍ മഞ്ജു പിള്ളയും, ജോയിന്റ് ട്രഷററായി ജോണ്‍സണ്‍ കണ്ണൂക്കാടനും ഉള്‍പ്പെട്ട ഒരു ശക്തമായ നേതൃനിരയാണ് 2026-28 ല്‍ ഫോമായെ നയിക്കുവാന്‍ സജ്ജമായിക്കൊണ്ടിരിക്കുന്നത്.
ഫോമായാലും ഫോമായുടെ അംഗ സംഘടനകളും തങ്ങളുടേതായ വ്യക്തിമുദ്രപ്പിച്ചുകൊണ്ട് ഇവര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫോമായെ ഇനിയും ഉയര്‍ന്ന തലങ്ങളില്‍ എത്തിക്കും എന്ന് ഉറപ്പുണ്ട്. ഫോമായുടെ വിവിധ നേതൃപദവികളില്‍ പ്രവര്‍ത്തിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ബിജു തോണിക്കടവില്‍ ഫോമായുടെ എക്കാലത്തേയും മികച്ച നേതാവ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്.
ഫോമായ്ക്ക് ആഗോള തലത്തില്‍ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് പോലുള്ള നേതൃത്വ പരമായ പ്രവര്‍ത്തനങ്ങള്‍ ഫോമയില്‍ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങള്‍ ചെറുതല്ല. ഫിലപ്പ് ചാമത്തില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ഫോമയ്‌ക്കൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച ആര്‍. വി.പി എന്ന നിലയില്‍ ഫോമാ വില്ലേജിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു.
റീജിയണിന്റെ നേതൃത്വത്തില്‍ ‘കൃഷിപാഠം’ എന്ന പരിപാടി തുടങ്ങുകയും പിന്നീടത് നാഷണല്‍ ലെവലില്‍ തന്നെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് അനിയന്‍ ജോര്‍ജ് പ്രസിഡന്റായ സമയത്ത് ജോയിന്റ് ട്രഷററായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി എന്ന് മാത്രമല്ല പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കോവിഡിന്റെ വ്യാപന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ മികച്ച സേവനമാണ് ഫോമാ അന്ന് നടത്തിയത്.
അക്കാലത്ത് ആരംഭിച്ച ‘സാന്ത്വനസംഗീതം’ എന്ന ഓണ്‍ലൈന്‍ സംഗീത പരിപാടി എറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായ സമയത്ത് ഫോമയുടെ ട്രഷററായ ബിജു നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സംഘടനകള്‍ക്ക് വലിയ മാതൃകയായി. കേരളാ കണ്‍വെന്‍ഷന്‍, കാന്‍ കൂണ്‍ കണ്‍വെന്‍ഷന്‍, കൂടാതെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുണ്ടക്കാനായില്‍ വച്ചുനടന്ന ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍, എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.
2024 ല്‍ അധികാരം കൈമാറുമ്പോള്‍ 88, 856 ഡോളര്‍ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏല്‍പ്പിച്ച ട്രഷറര്‍ എന്ന ഖ്യാതി ബിജു തോണിക്കാവിലിന് സ്വന്തമാണ്. നഷ്ടങ്ങളുടെ കണക്കില്‍ നിന്ന് നീക്കിയിരിപ്പിന്റെ കണക്കിലേക്ക് ഫോമയെ ഉയര്‍ത്തിയ ട്രഷറാര്‍ എന്ന നിലയില്‍ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിന്റെ ചരിത്രം സൃഷ്ടിക്കുവാനും , പ്രവര്‍ത്തനങ്ങളിലൂടെ ഫോമയ്ക്ക് ആഗോള തലത്തില്‍ പ്രാവിണ്യം നേടാനുമുള്ള പദ്ധതികള്‍ക്കാണ് ബിജു തോണിക്കടവില്‍ ലക്ഷ്യമിടുന്നത് . സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവില്‍ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവും സര്‍വ്വ സമ്മതനുമാണ്.
ഏറ്റെടുത്ത ചുമതലകളിലെല്ലാം അത്യപൂര്‍വ്വമായ പ്രവര്‍ത്തന മികവും, സംഘടനാ പാടവവും, അര്‍പ്പണബോധവും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തെളിയിച്ചു കാണിച്ച വ്യക്തിയാണ് പോള്‍. നിലവില്‍ ഫോമായുടെ ജോയിന്റ് സെക്രട്ടറി ആയ പോള്‍ പദവി ഏറ്റെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവില്‍ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചതാണ്.
ഫോമാ നടപ്പിലാക്കിയ നവീന പദ്ധതികളായ ‘അമ്മയോടൊപ്പം’,ഹെല്‍പ്പിംഗ് ഹാന്‍ഡ്സ്’ ചാരിറ്റി, നിര്‍ധനര്‍ക്കുള്ള ‘ഭവന പദ്ധതി’, ‘ഫോമാ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം’ തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫോമാ ജോയിന്റ് സെക്രട്ടറി ആകുന്നതിന് മുമ്പുളള കാലയളവില്‍ മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റായി തിളങ്ങിയ പോള്‍, മാതൃ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ അന്‍പതാമത് പ്രസിഡന്റായിരുന്നു. സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്ക് മലയാളി കമ്മ്യൂണിറ്റിയുടെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതി ചേര്‍ക്കുവാന്‍ പോളിന്റെ നേതൃത്വത്തിന് സാധിച്ചു.
കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ് അംഗം, ഇന്‍ഡ്യ കാത്തലിക് അസ്സോസ്സിയേഷന്‍ പ്രസിഡന്റ്, ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലെ പദവികളിലും പ്രശംസനീയമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.
ട്രഷറര്‍ ആയി മത്സരിക്കുന്ന പ്രദിപ് നായര്‍, താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുന്‍ നിരയിലേക്ക് വന്ന എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം വ്യക്തികളിലൊരാളാണ്. 2006-ല്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ കമ്മറ്റി മെമ്പര്‍ ആയിട്ടാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച പ്രദീപിന് പിന്നീട് അസോസിയേഷന്റെ എല്ലാ പദവികളും അലങ്കരിക്കുവാന്‍ സാധിച്ചു. 2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്.
2008-2010- എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍, 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം, തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പ്രദീപ് നായര്‍, 2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കണ്‍വെന്‍ഷന് ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.
യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ച പ്രദീപിന് ഫോമയുടെ എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കുവാനും സാധിച്ചു. കഴിഞ്ഞ വര്ഷം പുണ്ടകാനയില്‍ നടന്ന ഫോമാ കണ്‍വന്‍ഷന്റെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.
നാഷണല്‍ വൈസ് പ്രസിഡന്ടായും എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയും യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്ടായും സേവനം ചെയ്തിട്ടുള്ള പ്രദിപ് നായരുടെ പ്രവര്‍ത്തന മികവും അര്‍പ്പണബോധവും ഏവരും കണ്ടറിഞ്ഞിട്ടുള്ളതാണ്.
ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി നേതാവായി നേതൃത്വ പാടവം തെളിയിച്ച സാമുവല്‍ മത്തായി ഡാളസ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്, എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വച്ചു.
2020 -2022 -ല്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റിയംഗമായും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ‘രഥം’ ത്രൈമാസികയുടെ ജനറല്‍ എഡിറ്ററായി സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നു.ഇവിടെയും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി ചെയ്തു വരുന്നു. ഇപ്പോള്‍ അദ്ദേഹം ഫോമായുടെ ലാംഗ്വേജ് & എജുക്കേഷന്‍ കമ്മറ്റിയുടെ ചെയര്‍മാനായി സേവനം ചെയ്യുന്നു. 2010 മുതലുള്ള എല്ലാ ഫോമാ കണ്‍വെന്‍ഷനുകളിലും സജീവ സാന്നിധ്യമാണ്.
എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന, ഫോമയുടെ നന്‍മയും ഉയര്‍ച്ചയും മാത്രം ആഗ്രഹിക്കുന്ന സാമുവല്‍ മത്തായി, വാഗ്ദാനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് താല്പര്യം എന്ന തന്റെ വ്യക്തമാക്കുന്നു. വ്യക്തമായ കര്‍മ്മപരിപാടികളുമായാണ് സാമുവല്‍ മത്തായി മത്സരരംഗത്തു വരുന്നത്. ലോകത്ത് എവിടെയാണെങ്കിലും പ്രത്യേകിച്ച് നോര്‍ത്തമേരിക്കയില്‍ ധാരാളമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഫോമ മാറണം. ഇപ്പോഴത്തെ നല്ല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഫോമ എങ്ങനെ ആയിരിക്കണമെന്നുള്ളതിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നദ്ദേഹം പറയുന്നു.ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ദീര്‍ഘവീക്ഷണത്തോടു കൂടിയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുന്ന സാമുവല്‍ മത്തായി സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു .
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ ഡോ. മഞ്ജു പിള്ളയാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ഡോ. മഞ്ജു, നിലവില്‍ ഫോമാ വിമെന്‍സ് ഫോറത്തിന്റെ നാഷണല്‍ ജോയിന്റ് ട്രഷററായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു.
അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികള്‍ വഹിച്ചിട്ടുള്ള മഞ്ജു, ഇപ്പോള്‍ പ്രസ്തുത സംഘടനയുടെ അഡൈ്വസറി കൗണ്‍സില്‍ അംഗമാണ്.
നിലവില്‍ ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ജോയിന്റ് ട്രഷററായ ഡോ. മഞ്ജു സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ ഫോമായോടൊപ്പം നിന്ന് ചെയ്തുവരുന്നു.
കേരളത്തിലെ ആദിവാസി മേഖലയില്‍ മുളകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നതിന് ആവശ്യമായ ടൂള്‍ കിറ്റുകള്‍ വിമന്‍സ് ഫോറം അവിടെ നേരില്‍ ചെന്ന് വിതരണം ചെയ്തു, വനിതാദിനത്തില്‍ ആരോഗ്യത്തെക്കുറിച്ച് ഒരു സൂം സെഷന്‍ സംഘടിപ്പിച്ചു, അരിസോണ മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച കൃഷിപാഠം പരിപാടിയുടെ പ്രധാന സംഘാടക ആയി പ്രവര്‍ത്തിച്ചു, ആരോഗ്യ സംരക്ഷണത്തെയും പരിപാലനത്തെയും ആധാരമാക്കി നിരവധി ക്ലാസുകള്‍ സംഘടിപ്പിച്ചു, തുടങ്ങിയ ഒട്ടനവധി കര്‍മ്മപരിപാടികള്‍ സംഘടിപ്പിച്ചും ഭാഗഭാക്കായും ഡോ. മഞ്ജു തന്റെ പ്രവര്‍നങ്ങളുമായി മുന്നോട്ട് പോകുന്നു.
ഡോക്ടര്‍ എന്ന നിലയില്‍ ആരോഗ്യ സംബന്ധമായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ഫോമായില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം. പക്ഷെ മനസ്സിന് അസുഖം വന്നാല്‍ ഇപ്പോഴും ചികിത്സ തേടാന്‍ മലയാളികള്‍ മടിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍.ഇത്തരം പല പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും. കേരളത്തിലെയും അമേരിക്കയിലെയും ഡോക്ടര്‍മാരെ ഏകോപിപ്പിച്ചുകൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങളും ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മഞ്ജൂ പറഞ്ഞു വയ്കുന്നു.ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആര്‍ .വി .പി ആയി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഫോമയുടെ ആരംഭം മുതല്‍ സംഘടനയുടെ വളര്‍ച്ചയില്‍ പങ്കാളി ആയിരുന്നു .
2018-ല്‍ ചിക്കാഗോയില്‍ വെച്ച് നടന്ന ഫോമാ കണ്‍വെന്‍ഷന്റെ അത്യുജ്ജ്വല വിജയത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷം ഫോമയുടെ നാഷണല്‍ ക്രെഡന്‍ഷ്യല്‍ കോ ഓര്‍ഡിനേറ്റര്‍ ആയും കാന്‍കൂണില്‍ വെച്ച് നടത്തപ്പെട്ട ഫോമാ കണ്‍വെന്‍ഷന്റെ കലാമേളയുടെ ചെയര്‍മാനായും വിജയകരമായി പ്രവര്‍ത്തിച്ചു .പൂണ്ടാകാനയില്‍ വെച്ച് നടത്തപ്പെട്ട ഇക്കഴിഞ്ഞ ഫോമാ കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റി കോ ചെയര്‍മാനായിരുന്നു.
ദീര്‍ഘ കാലത്തെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും ജോണ്‍സനെ ചിക്കാഗോ മലയാളി സമൂഹത്തിന് സുസമ്മതനാക്കി. അദ്ദേഹം ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ,പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അന്ന് തുടങ്ങി വെച്ച ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്നു മുതല്‍ ഇന്നുവരെ കേരളത്തിലെ ഭവന രഹിതരായ ആളുകള്‍ക്ക് 30-ല്‍ പരം വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കാന്‍ മുന്‍കയ്യെടുത്തു. കൂടാതെ അംഗപരിമിതരായവര്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുകയും, നിര്‍ധനരായവര്‍ക്ക് മരുന്നിനും മറ്റുമായി സാമ്പത്തിക സഹായങ്ങള്‍ ചെയ്തുവരികയും ചെയ്യുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി ചെയര്‍മാനായി ഇപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.ചിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അതിന്റെ ഫിനാന്‍ഷ്യല്‍ ചെയര്‍മാനായിരുന്നു.
ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ആരംഭിച്ചത് 1988-ല്‍ സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടാണ് .സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ്,എസ് .എം .സി.സി. പ്രസിഡന്റ് ,എക്യൂമെനിക്കല്‍ കൌണ്‍സില്‍ ട്രെഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
എസ്.എം.സി.സി. നാഷണല്‍ വൈസ് പ്രസിഡന്റ് ആയി ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു .മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങള്‍ ജോണ്‍സണ് ലഭിച്ചിട്ടുണ്ട് .ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കാര്യക്ഷമമായും സമയബന്ധിതമായും ചെയ്ത് അതേറ്റവും ഭംഗിയാക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി.
ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2026 ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഹ്യൂസ്റ്റണില്‍ വച്ചു നടക്കുന്ന ഫാമിലി കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കും. തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഫോമായെ സ്‌നേഹിക്കുന്ന എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ ഇവര്‍ അഭ്യര്‍ത്ഥിച്ചു.
‘Team Voice of Foma’ to lead Foma in 2026-28