നാഷ്‌വിൽ കേരള അസോസിയേഷൻ്റെ ഓണം മഹോത്സവം 2025 പ്രൗഢഗംഭീരം

നാഷ്‌വിൽ കേരള അസോസിയേഷൻ്റെ ഓണം മഹോത്സവം 2025 പ്രൗഢഗംഭീരം

നാഷ്‌വിൽ: ടെന്നസിയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) സംഘടിപ്പിച്ച ഓണം മഹോത്സവം 2025, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സെപ്റ്റംബർ 13-ന് നടന്ന ആഘോഷപരിപാടികൾ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആരംഭിച്ചത്. കാനിന്റെ വളണ്ടിയർമാർ സ്വന്തമായി തയ്യാറാക്കിയ ഇരുപതിലധികം വിഭവങ്ങൾ വാഴയിലയിൽ വിളമ്പിയ ഓണസദ്യ ഏവർക്കും ഹൃദ്യമായ അനുഭവമായി.

തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. കാനിന്റെ കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളവും ഏറെ ശ്രദ്ധനേടി. പ്രശസ്ത ചലച്ചിത്രനടനും മുൻ കേന്ദ്രമന്ത്രിയുമായ ഡി. നെപ്പോളിയൻ മുഖ്യാതിഥിയായി പങ്കെടുത്തു. ടെന്നസി സംസ്ഥാനത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ കാൻ നൽകിയ സംഭാവനകൾ പരിഗണിച്ച് സെപ്റ്റംബർ 13 ‘കേരള ദിനം’ ആയി പ്രഖ്യാപിച്ചതിന്റെ വിളംബരം ടെന്നസി സ്റ്റേറ്റ് അസംബ്ലി പ്രതിനിധി മൈക്ക് സ്പാർക്സ് നിർവഹിച്ചു. പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായിക ലതാ കൃഷ്ണനും ചടങ്ങിൽ സംസാരിച്ചു.

മഹാബലിയും വിശിഷ്ടാതിഥികളും കാൻ ഭരണസമിതി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഔപചാരികമായി പരിപാടികൾക്ക് തുടക്കം കുറിച്ചത്. കാൻ പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശങ്കർ മന സ്വാഗതവും സെക്രട്ടറി ഡോ. സുശീല സോമരാജൻ നന്ദിയും പറഞ്ഞു.

കാനിന്റെ കലാപരമായ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന ‘കാഞ്ചനം’ മാസികയുടെ യൂത്ത് എഡിഷൻ ആയ ‘യുവം’ ഡി. നെപ്പോളിയൻ പ്രകാശനം ചെയ്തു. കുട്ടികളുടെയും യുവാക്കളുടെയും രചനകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ‘യുവം’ തയ്യാറാക്കിയിരിക്കുന്നത്. കാൻ അംഗങ്ങളുടെ മക്കൾക്കുള്ള അക്കാദമിക് സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.

തുടർന്ന് കാനിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും സംഗീത പരിപാടികളും അരങ്ങേറി. വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘കേരളീയം’ എന്ന പരിപാടിയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ലതാ കൃഷ്ണനും സംഘവും നയിച്ച സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അംഗങ്ങളുടെ കൂട്ടായ്മയിൽ ഒരുക്കിയ ഓണപ്പൂക്കളവും, ആനയുടെ രൂപത്തിലുള്ള ഫോട്ടോബൂത്തും, ഊഞ്ഞാലും ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.

ഓണസദ്യ ഒരുക്കുന്നതിന് നിജിൽ പറ്റെമ്മൽ, മനീഷ് രവികുമാർ എന്നിവരും കലാപരിപാടികൾക്ക്

സന്ദീപ് ബാലൻ, ഡോ. ദീപാഞ്ജലി നായർ എന്നിവരും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്കായി ട്രഷറർ . അനന്തലക്ഷ്മണനും സുജിത് പിള്ളയും നേതൃത്വം നൽകി. അനിൽ പാത്തിയേരി, അശോകൻ വട്ടക്കാട്ടിൽ, ഷാഹിന കോഴിശ്ശേരി, സുമ ശിവപ്രസാദ്, രാകേഷ് കൃഷ്ണൻ, അനിൽ ഗോപാലകൃഷ്ണൻ, ബിജു ജോസഫ്, ബബ്ലു ചാക്കോ, സാം ആന്റോ, മനോജ് രാജൻ, അമൽ സാം, തോമസ് വർഗീസ് തുടങ്ങിയ ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ വളണ്ടിയർമാർക്കും സ്പോൺസർമാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഓണം മഹോത്സവം 2025 സമാപിച്ചത്.

Tennessee Nashville Kerala Association’s Onam Festival 2025 is a grand affair

Share Email
Top