ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിച്ച് മഹാനടൻ മോഹൻലാൽ. പുരസ്കാര നേട്ടത്തിന്‍റെ വിവരം ലഭിച്ച ശേഷം ആദ്യമായി കൊച്ചിയിലെത്തിയ നടൻ, തന്റെ 48 വർഷത്തെ അഭിനയ ജീവിതത്തിൽ ഒപ്പം നിന്നവർക്കും മലയാള സിനിമയുടെ മഹത്തായ പാരമ്പര്യത്തിനും ഈ നേട്ടം സമർപ്പിക്കുന്നതായി വ്യക്തമാക്കി. പുരസ്കാര പ്രഖ്യാപനം അവിശ്വസനീയമായ ഒരു സ്വപ്നം പോലെ തോന്നിയെന്നും, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ആദ്യ വിളി “ഒന്നൂടെ പറയാമോ” എന്ന് അഭ്യർത്ഥിക്കാൻ തോന്നിച്ചതായും മോഹൻലാൽ വെളിപ്പെടുത്തി.
സിനിമയ്ക്ക് ഭാഷയുടെയോ പ്രദേശത്തിന്റെയോ പരിമിതികളില്ലെന്ന് വിശ്വസിക്കുന്ന മോഹൻലാൽ, ഈ പുരസ്കാരം മലയാള സിനിമയുടെ കഠിനാധ്വാനത്തിന്റെയും സർഗാത്മകതയുടെയും ഫലമാണെന്ന് അഭിപ്രായപ്പെട്ടു. “എനിക്ക് ചെയ്യാനായതെല്ലാം ഈശ്വരൻ ചെയ്ത പ്രവൃത്തിയാണ്,” എന്ന് പറഞ്ഞ നടൻ, ഇശ്വരനും പ്രേക്ഷകർക്കും നന്ദി പറയുകയും ചെയ്തു. തന്റെ അഭിനയ ജീവിതത്തിൽ ഒപ്പം നിന്നവരെയും, മരണപ്പെട്ടുപോയ പ്രതിഭാധനരായ കലാകാരന്മാരെയും ഓർമിച്ചു. പുരസ്കാരം തന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും, ഇനിയും കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ മോഹൻലാൽ, ആദ്യം അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. നാളെ മുതൽ ‘ദൃശ്യം 3’ന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കൊച്ചിയിലെ ഒരു ഹോട്ടലിൽ സഹപ്രവർത്തകർക്കൊപ്പം മാധ്യമങ്ങളെ കണ്ട മോഹൻലാൽ, വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് മുഴുകുകയാണ്. ജനലക്ഷങ്ങളെ തന്റെ അഭിനയ മികവ് കൊണ്ട് അത്ഭുതപ്പെടുത്താൻ, മലയാളത്തിന്റെ മഹാനടൻ ഒരുങ്ങുകയാണ്.