ഖലിസ്ഥാൻ ഭീകരസംഘടനകൾ കാനഡയിൽ ധനസമാഹരണം നടത്തുന്നുവെന്ന് സമ്മതിച്ച് കനേഡിയൻ സർക്കാർ

ഖലിസ്ഥാൻ ഭീകരസംഘടനകൾ കാനഡയിൽ ധനസമാഹരണം നടത്തുന്നുവെന്ന് സമ്മതിച്ച് കനേഡിയൻ സർക്കാർ

ഒട്ടാവ: ഖലിസ്ഥാൻ ഭീകരസംഘടനകൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ അനധികൃതമായി ധനസമാഹരണം നടത്തുന്നുണ്ടെന്നും കനേഡിയൻ സർക്കാർ സമ്മതിച്ചു. ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിലെ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ കനേഡിയൻ സർക്കാർ തന്നെ പുറത്തുവിട്ടിരിക്കുന്നത്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ജൂൺ 18-ന് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ഈ പുതിയ റിപ്പോർട്ട് പുറത്തുവന്നത്. വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

“പഞ്ചാബിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങളെ പിന്തുണയ്ക്കുന്ന ഖലിസ്ഥാൻ ഭീകരവാദ ഗ്രൂപ്പുകൾ കാനഡയിൽ പ്രവർത്തിക്കുന്നുണ്ട്. അവർ കാനഡ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്തുന്നതായും സംശയിക്കുന്നു,” കനേഡിയൻ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പ്രേരിതമായ വയലന്റ് എക്സ്ട്രീമിസം (PMVE) എന്ന വിഭാഗത്തിലാണ് ഖലിസ്ഥാൻ ഭീകരവാദികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹമാസിനും ഹിസ്ബുള്ളയ്ക്കും ഒപ്പമാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ കാനഡ എന്നീ സംഘടനകളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഗുർപട്‌വന്ത് സിങ് പന്നുവിന്റെ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) എന്ന സംഘടനയെ കനേഡിയൻ സർക്കാർ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

The Canadian government has acknowledged that Khalistani terrorist groups are operating within its borders and illegally raising funds.

Share Email
Top