‘ചാണ്ടിച്ചായൻ പറഞ്ഞതാണ് ശരി’ എന്ന പ്രയോഗവും ‘ശരി’

‘ചാണ്ടിച്ചായൻ പറഞ്ഞതാണ് ശരി’ എന്ന പ്രയോഗവും ‘ശരി’

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ചാണ്ടി ഉമ്മൻ്റെ കാര്യത്തിൽ എടുത്താൽ, ‘ചാണ്ടിച്ചായൻ പറഞ്ഞതാണ് ശരി’ എന്നൊരു പ്രയോഗം കേരളത്തിൽ ഒരു തമാശപോലെ പ്രചാരത്തിലുണ്ട്. എന്നാൽ അതിൻ്റെ പിന്നിലെ കഥ അത്ര തമാശയല്ല, കാരണം അത് രാഷ്ട്രീയ തന്ത്രങ്ങളുടെയും വ്യക്തിപരമായ നിലപാടുകളുടെയും ഒരു കളിത്തട്ടാണ്. ഒരുവശത്ത്, പുതുപ്പള്ളിയിലെ ചില കോൺഗ്രസ് വിരുദ്ധർ, പ്രത്യേകിച്ച് ജെയ്ക്കിന്റെ കൂട്ടുകാർ, ചാണ്ടിയോട് എതിർപ്പുണ്ടായിരുന്നു. അവർ അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ വിഡ്ഢിത്തമാണെന്നു പ്രചരിപ്പിച്ചു. എന്നാൽ അതിൻ്റെ പിന്നിൽ അദ്ദേഹത്തിൻ്റെ ഒരു വലിയ തന്ത്രമുണ്ടെന്ന് പലർക്കും മനസ്സിലായിരുന്നില്ല.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ, ചാണ്ടിയുടെ നിലപാട് ശരിയാണെന്ന് പൊതുസമൂഹത്തിന് ബോധ്യമായി. ഷാഫി പറമ്പിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് ഒഴിഞ്ഞുമാറിയപ്പോൾ, രാഹുൽ മുരളീധരനേയും വി.ടി. ബലരാമനെയും പിന്തള്ളി സ്ഥാനാർത്ഥിയായി. അപ്പോൾ ആദ്യം രാഹുൽ ചെയ്തത് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുകയായിരുന്നു. എന്നാൽ അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നില്ല. മറ്റ് പാർട്ടി നേതാക്കൾ വരെ മണിക്കൂറുകളോളം കല്ലറയുടെ മുമ്പിൽ കാത്തിരുന്നപ്പോൾ, ചാണ്ടിയുടെ ഈയൊരു അഭാവം വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.

ഇതേസമയം, പ്രിയങ്കാ ഗാന്ധി മത്സരിച്ച വയനാട്, പാലക്കാടിന് ഒപ്പം നടന്ന ചാവക്കാട് ഉപതെരഞ്ഞെടുപ്പുകളിലും ചാണ്ടി സജീവമായിരുന്നു. എന്നാൽ രാഹുലിൻ്റെ പാലക്കാട് തിരഞ്ഞെടുപ്പിൽ അദ്ദേഹം സജീവമായിരുന്നില്ല. ഇതിന്റെ പേരിൽ ചാണ്ടിയെ പലരും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. രാഹുൽ പതിനെട്ടായിരത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, ചാണ്ടിക്ക് നേരെ കൂടുതൽ വിമർശനങ്ങൾ വന്നു. രാഹുലും ഷാഫിയും ചേർന്ന ഒരു കൂട്ടുകെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വന്നതോടെ ചാണ്ടി കൂടുതൽ ഒറ്റപ്പെട്ടു.

എന്നാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചാണ്ടിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അവിടെ ആര്യടൻ ഷൗക്കത്തിൻ്റെ കൂടെ നിന്നുകൊണ്ട് ചാണ്ടി തൻ്റെ കഴിവും നേതൃപാടവവും തെളിയിച്ചു. നിലമ്പൂരിലെ മൂന്നാഴ്ചക്കാലം, അദ്ദേഹം മൂവായിരത്തിലധികം വീടുകളിൽ കയറിയിറങ്ങി. അവിടെ അദ്ദേഹം മീൻപിടിക്കാനും, കപ്പ പറിക്കാനും പോയി, തദ്ദേശീയരുടെ ഹീറോയായി മാറി. ‘ഓപ്പറേഷൻ നിലമ്പൂർ’ വലിയ വിജയമായതോടെ, ചാണ്ടി വീണ്ടും സജീവമായി. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നപ്പോൾ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനേക്കാൾ വേഗത്തിൽ അദ്ദേഹം അവിടെയെത്തി. അദ്ദേഹത്തിൻ്റെ ഇടപെടലിൽ മന്ത്രി വാസവൻ പോലും ഭയന്നുപോയെന്ന് പറയപ്പെടുന്നു. കേരളം മുഴുവൻ ചാണ്ടിക്ക് വേണ്ടി കയ്യടിച്ചു, അദ്ദേഹം ഒരു സൂപ്പർ ഹീറോയായി.

ഇന്ന്, രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ, ചാണ്ടിക്ക് എന്തെങ്കിലും മുന്നറിവുണ്ടായിരുന്നോ എന്ന ചോദ്യം ഉയരുന്നു. പുതുപ്പള്ളിയിൽനിന്ന് കാളവണ്ടിയിലും ബസ്സിലുമായി തിരുവനന്തപുരത്തേക്ക് പോയി കേരളത്തിലെ ജനകീയ നേതാവായി മാറിയ ഉമ്മൻ ചാണ്ടിയുടെ മകൻ, ഇനി എന്തൊക്കെ അത്ഭുതങ്ങൾ കാണിക്കുമെന്നുള്ള ചർച്ചകൾ മലയാളികൾക്കിടയിൽ സജീവമാണ്.

The expression ‘what Chandichaya said is right’ is also ‘right’

Share Email
Top