തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും, ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തുവർക്കിക്ക് 1968-ൽ ലഭിച്ച ‘സാഹിത്യതാരം’ സ്വർണ്ണപ്പതക്കം ഇനി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്ക് സ്വന്തം. സർവകലാശാലയിലെ രംഗശാലയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി പതക്കം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദിന് കൈമാറി.
മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) ഭാഗമായുള്ള സ്വർണ്ണപ്പതക്കമാണിത്. മലയാളത്തിൽ ജനപ്രിയ നോവൽശാഖയ്ക്ക് തുടക്കം കുറിച്ച ‘പാടാത്ത പൈങ്കിളി’ക്കുള്ള അംഗീകാരമായിരുന്നു ഈ പുരസ്കാരം. 9.27 ഗ്രാം തൂക്കമുള്ള ഈ സ്മാരകമാണ് സർവകലാശാലയ്ക്ക് നൽകിയത്.
മുട്ടത്തുവർക്കിയുടെ രണ്ടാമത്തെ മകൻ ജോസഫിന്റെ ഭാര്യ അന്ന മുട്ടത്ത് ന്യൂയോർക്കിൽനിന്നാണ് വീഡിയോ സന്ദേശം നൽകിയത്. ദക്ഷിണേഷ്യൻ ഭാഷകൾ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു സർവകലാശാലയ്ക്ക് ഇത് കൈമാറാനായിരുന്നു വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന അന്ന മുട്ടത്തിന് താൽപര്യം. തിരൂരിലെ മലയാളം സർവകലാശാലയ്ക്ക് ഇത് നൽകുന്നത് ഉചിതമാകുമെന്ന് അഡ്വ. രതീദേവി നിർദ്ദേശിച്ചപ്പോൾ അന്ന അത് അംഗീകരിക്കുകയായിരുന്നു.
വി.ജെ. ജയിംസ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി സമർപ്പണ സന്ദേശം നൽകി. തുടർന്ന്, നടന്ന ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന ചർച്ചയിൽ പ്രൊഫസർ എ.ജി. ഒലീന, ഡോ. കെ.എം. അനിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’യുടെ 70-ാം വാർഷിക പതിപ്പ് കെ.പി. രാമനുണ്ണി അഡ്വ. രതീദേവിക്ക് നൽകി പ്രകാശനം ചെയ്തു. ദീപികയുടെ വാർഷികപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് ജോസ് ആൻഡ്രൂസ് പുസ്തകം പരിചയപ്പെടുത്തി. മുട്ടത്തുവർക്കിയുടെ ഓർമ്മകൾ അവലംബിച്ച് അന്ന മുട്ടത്ത് എഴുതിയ ‘ഓർമ്മയുടെ ഈണങ്ങൾ’ എന്ന പുസ്തകം മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ജോയ് വള്ളുവനാടൻ അഡ്വ. രതീദേവിക്ക് നൽകി പ്രകാശനം ചെയ്തു.
മുട്ടത്തുവർക്കി ഗ്ലോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ, മലയാളം സർവകലാശാലയിലെ വിദ്യാർത്ഥികൾക്കുള്ള മികച്ച സർഗാത്മക രചനയ്ക്കുള്ള പ്രഥമ പുരസ്കാരം ടി.എസ്. സ്നേഹയ്ക്ക് രതീദേവി കൈമാറി. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ചിത്രകാരി എൻ.ബി. ലതാദേവി, ഡോ. സി. ഗണേഷ്, ജോസ് ആൻഡ്രൂസ്, അനിൽ പെണ്ണൂക്കര, മാധ്യമപ്രവർത്തകൻ കെ.പി.ഒ. റഹ‌്മത്തുളള, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി എം. ശ്യാം ശങ്കർ, മലയാളം സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ എന്നിവരും പ്രസംഗിച്ചു. മുട്ടത്തുവർക്കിയുടെ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ബിജു ശശികുമാർ ആലപിച്ചു. അദ്ദേഹത്തെക്കുറിച്ച് റോയ് പി. തോമസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
The family of popular Malayalam novelist Muttathu Varkey has donated his ‘Sahityatharam’ gold medal from 1968 to the Thunchath Ezhuthachan Malayalam University in Tirur.