ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവുമായി റഷ്യ. ഇതിന്റെ ഭാഗമായി തങ്ങളുടെ എസ്.യു-57 ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങള്‍ക്ക് റഷ്യ തുടക്കം കുറിച്ചു. ഇന്ത്യയില്‍ വെച്ച് ഇവ ഉത്പാദിപ്പിക്കാനുള്ള സാധ്യതകളാണ് റഷ്യ അന്വേഷിക്കുന്നത്. ഇതിനാവശ്യമായ സാധ്യതാ പഠനത്തിന് റഷ്യ തുടക്കം കുറിച്ചു.
കുറഞ്ഞത് രണ്ടുമുതല്‍ മൂന്ന് സ്‌ക്വാഡ്രണ്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. നിലവില്‍ റഷ്യന്‍ എസ്.യു-57ഇ യ്ക്ക് പുറമെ യുഎസിന്റെ എഫ്-35 മാത്രമാണ് പട്ടികയിലുള്ളത്. എന്നാല്‍, എഫ്-35 വാങ്ങുന്നതില്‍ താത്പര്യക്കുറവ് ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യയുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഇന്ത്യയെ സമീപിച്ചത്.
എസ്.യു-30 എംകെഐ വിമാനങ്ങള്‍ നിര്‍മിക്കാന്‍ നിലവില്‍ നാസിക്കിലെ എച്ച്.എ.എല്‍ പ്ലാന്റിന് റഷ്യയുടെ ലൈസന്‍സുണ്ട്. ഈ നിര്‍മാണകേന്ദ്രത്തില്‍ തന്നെ അത്യാവശ്യം പരിഷ്‌കരണങ്ങള്‍ നടത്തിയാല്‍ എസ്.യു-57 ഇ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനാകും. ഇതിന് എത്രത്തോളം നിക്ഷേപം വേണ്ടിവരും എന്നതുള്‍പ്പെടെയുള്ള സാധ്യതാ പഠനമാണ് റഷ്യ നത്തുന്നത്. ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യാ- യുഎസ് ബന്ധം ട്രംപിന്റെ താരിഫ് ആക്രമണത്തെ തുടര്‍ന്ന് മോശമായ സാഹചര്യത്തിലാണ് റഷ്യ പുതിയ നീക്കം തുടങ്ങിയത്. ഇന്ത്യയുമായി എഫ്-35 ഇടപാടിന് യുഎസ് ശ്രമിച്ചിരുന്നു. എന്നാല്‍, ഇതിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍, റഷ്യയുമായുള്ള കൂടുതല്‍ പ്രതിരോധ ഇടപാട് ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
The fifth-generation fighter jet, the SU-57E, will be manufactured in India.