സോഫിയ (ബള്‍ഗേറിയ): യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദേര്‍ ലേയെന്‍ സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് സിഗ്നല്‍ ബള്‍ഗേറിയയ്ക്ക് മുകളില്‍വെച്ച് നഷ്ടമായി. പിന്നിൽ റഷ്യയുടെ ഇടപെടലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിന്റെ ജിപിഎസ് സംവിധാനത്തെ റഡാര്‍ ജാമര്‍ ബാധിച്ചതായി യൂറോപ്യന്‍ യൂണിയന്‍ വക്താവ് അരിയാന പോഡെസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിമാനം സുരക്ഷിതമായി ബള്‍ഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്തില്‍ എത്തിച്ചേര്‍ന്നതായും അരിയാന കൂട്ടിച്ചേര്‍ത്തു.
‘ജിപിഎസ് സിഗ്നല്‍ നഷ്ടമാകുന്നവിധത്തിൽ ജിപിഎസ് ജാമ്മിങ് നടന്നുവെന്നത് വ്യക്തമാണ്. എന്നാല്‍, വിമാനം സുരക്ഷിതമായി ബള്‍ഗേറിയയിലെത്തി. റഷ്യയുടെ ഇടപെടലിലാണ് വിമാനത്തിന്റെ ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ടതെന്ന് ബള്‍ഗേറിയയിലെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്’, അരിയാന വ്യക്തമാക്കി.
റഷ്യയും ബെലറൂസുമായി അതിര്‍ത്തി പങ്കിടുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിനാണ് ഉര്‍സുല ബള്‍ഗേറിയയിലെത്തിയത്. റഷ്യയുടെ ഇടപെടല്‍ ഉര്‍സുലയുടെ സന്ദര്‍ശനത്തെ ബാധിച്ചേക്കില്ലെന്നാണ് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശക കൂടിയാണ് ഉര്‍സുല.
റഷ്യയുടെ ഭീഷണി ഇതാദ്യമായിട്ടല്ല ഉര്‍സുല നേരിടുന്നതെന്നും പ്രതിരോധ മേഖലയിലുള്ള യൂറോപ്യന്‍ യൂണിയന്റെ നിക്ഷേപങ്ങള്‍ തുടരുമെന്നും അരിയാന പ്രതികരിച്ചു. വിമാനത്തിന്റെ ജിപിഎസ് സിഗ്നല്‍ നഷ്ടമായതായി ബള്‍ഗേറിയയും പ്രസ്താവനയിറക്കിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ ബള്‍ഗേറിയയുടെ തലസ്ഥാനത്ത് പൊതുജനങ്ങളോട് സംസാരിക്കവേ പുതിനെ വേട്ടക്കാരനെന്ന് വിശേഷിപ്പിച്ച ഉര്‍സുല, പ്രതിരോധത്തിലൂടെ മാത്രമേ പുതിനെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് റഷ്യ അടിക്കടി വിമാനങ്ങളുടെ ജിപിഎസ് സിഗ്നലുകളെ ജാമ്മര്‍ ഉപയോഗിച്ച് തടയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. അടിക്കടി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോളണ്ടിലെയും ജര്‍മ്മനിയിലെയും ഗവേഷകര്‍ കഴിഞ്ഞവര്‍ഷം ആറുമാസത്തെ പഠനം നടത്തിയിരുന്നു. രഹസ്യ കപ്പലുകളുടെ സഹായത്തോടെ റഷ്യയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
The GPS signal of the plane carrying the President of the European Commission was lost over Bulgaria: Is Russia behind it?