‘മെയ്ഡ് ഇൻ ഇന്ത്യ’ക്ക് കരുത്തേകി റഫാൽ; 114 ‘സ്വദേശി’ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദേശവുമായി വ്യോമസേന

‘മെയ്ഡ് ഇൻ ഇന്ത്യ’ക്ക് കരുത്തേകി റഫാൽ; 114 ‘സ്വദേശി’ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദേശവുമായി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച റഫാൽ വിമാനങ്ങൾ വാങ്ങാൻ വ്യോമസേന കേന്ദ്രത്തിന് നിർദേശം സമർപ്പിച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വ്യോമസേനയുടെ നിർദേശത്തിന്മേൽ പ്രതിരോധ മന്ത്രാലയം ചർച്ചകൾ ആരംഭിച്ചു. ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ എയ്റോസ്പേസ് സ്ഥാപനങ്ങളും ചേർന്നായിരിക്കും വിമാനങ്ങൾ നിർമിക്കുക.

60 ശതമാനത്തിലധികം ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർദേശം, പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് (ഡി.പി.ബി.) അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചർച്ചയ്ക്കെടുക്കും. പദ്ധതി പൂർത്തിയായാൽ, ഇന്ത്യ ഒപ്പുവെക്കുന്ന എക്കാലത്തെയും വലിയ പ്രതിരോധ ഇടപാടുകളിലൊന്നായി ഇത് മാറും.

114 റഫാൽ വിമാനങ്ങൾക്കായുള്ള സ്റ്റേറ്റ്മെന്റ് ഓഫ് കേസ് (SoC) ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചു. ഇക്കാര്യം പ്രതിരോധ ധനകാര്യ വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ചർച്ചകൾക്ക് ശേഷം നിർദേശം ഡി.പി.ബി.ക്കും പിന്നീട് ഡിഫൻസ് അക്വിസിഷൻ കൗൺസിലിനും സമർപ്പിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ എ.എൻ.ഐ.യോട് പറഞ്ഞു.

ഈ പ്രതിരോധ ഇടപാട് പൂർത്തിയാകുന്നതോടെ സേനയുടെ ഭാഗമായുള്ള റഫാൽ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 36 റഫാൽ വിമാനങ്ങളുണ്ട്. കൂടാതെ, സർക്കാർതലത്തിലുള്ള കരാറുകൾ പ്രകാരം ഇന്ത്യൻ നാവികസേന 36 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുമുണ്ട്.

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെതിരെ റഫാൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ ഈ നിർദേശം. സ്‌പെക്ട്ര ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് ഉപയോഗിച്ച് ചൈനയുടെ പി.എൽ.-15 എയർ-ടു-എയർ മിസൈലുകളെ സമഗ്രമായി പരാജയപ്പെടുത്താൻ റഫാലിന് കഴിഞ്ഞിരുന്നു.

The Indian Air Force has proposed acquiring 114 “Made in India” Rafale fighter jets in a deal estimated at over ₹2 lakh crore

Share Email
Top