കളമശേരി മാർത്തോമ ഭവനത്തിലെ കയ്യേറ്റം: സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് കെ.സി.ബി.സി.

കളമശേരി മാർത്തോമ ഭവനത്തിലെ കയ്യേറ്റം: സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് കെ.സി.ബി.സി.

കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതി വിധി ലംഘിച്ച് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറിയ സംഭവം അപലപനീയമാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെ.സി.ബി.സി.) അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 4-ന് അർധരാത്രിക്ക് ശേഷം ചുറ്റുമതിൽ തകർത്ത് അതിക്രമിച്ച് കയറിയ സംഘം അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കെ.സി.ബി.സി. വ്യക്തമാക്കി.

വയോധികരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തിൽ സഭാ നേതൃത്വം പോലീസിന്റെ സത്വര നടപടികൾ പ്രതീക്ഷിച്ചിരുന്നു. കൂടാതെ, കേരളത്തിന്റെ സാമുദായിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കാതിരിക്കാൻ സഭാ നേതൃത്വം പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്തു.

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലർത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകൾക്ക് അധികാരികൾ കൂട്ടുനിൽക്കരുതെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. മാർത്തോമ ഭവനത്തിന്മേൽ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂർണമായി ഒഴിപ്പിക്കുകയും ചെയ്യണം. അതോടൊപ്പം, അന്തേവാസികൾക്ക് സുരക്ഷയും നീതിയും സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, മൂന്നാഴ്ചകൾക്ക് ശേഷവും അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയോ, കയ്യേറ്റത്തിനു പിന്നിലുള്ള 70-ഓളം വരുന്ന സംഘത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിൽ പോലീസ് വിമർശനം നേരിട്ടു. വിമർശനങ്ങൾ ഉയർന്നപ്പോൾ മുഖം രക്ഷിക്കാനായി നാല് പേരെ അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിട്ടതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവർക്കെതിരെ 20 ദിവസത്തിനുശേഷമാണ് നിയമനടപടികൾ ഉണ്ടായത്.
തൃക്കാക്കര മുണ്ടംപാലം പുക്കാട്ട് പനയപ്പിള്ളി അബ്ദുൾ മജീദ് (56), കളമശേരി ശാന്തിനഗറിന് സമീപം നീറുങ്കൽ ഹനീഫ (53), ചാവക്കാട് അകലാട് അട്ടൂരയിൽ ജംഷീർ (22), കാസർകോട് കുമ്പളം കടപ്പുറം ഹൈദർ മൻസിൽ പെരുമാട് ഹൈദർ അലി (29) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മാർത്തോമ ഭവനത്തിന്റെ 18 ഏക്കർ വളപ്പിന്റെ ഒരു ഭാഗം കൈയേറി ഒറ്റ രാത്രികൊണ്ട് മൂന്ന് പ്രീഫാബ് വീട് നിർമ്മിച്ച് താമസം തുടങ്ങുകയായിരുന്നു. 100 മീറ്ററോളം വരുന്ന കോമ്പൗണ്ട് മതിൽ തകർത്തതായും ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ചെന്നുമാണ് പരാതി. ആശ്രമത്തിന് സമീപത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും അന്തേവാസികൾ ചാപ്പലിലേക്ക് പോകുന്ന ഗേറ്റിനു മുന്നിൽ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. അറസ്റ്റിനൊപ്പം മതിൽ തകർത്ത ജെസിബി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.

എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും ഇൻജങ്ഷൻ ഉത്തരവും ലംഘിച്ചാണ് സെപ്റ്റംബർ നാലിന് പുലർച്ച ഒരു മണിക്ക് എഴുപതോളം പേർ കളമശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു.

The Kerala Catholic Bishops’ Council (KCBC) condemned the recent encroachment and attack on the Mar Thoma Bhavanam property in Kalamassery

Share Email
LATEST
More Articles
Top