തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വിഭജിച്ച വാർഡുകളിൽ പഴയ വാർഡുകളിലെ എത്രപേർ ഉൾപ്പെടുന്നുവെന്ന് പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു. ഒക്ടോബർ 13 മുതൽ 21 വരെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം. അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല.
ഒരു വാർഡിൽ രണ്ടു തവണയിൽ കൂടുതൽ സംവരണം ആവർത്തിക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. വാർഡുകൾ പുനർനിർണയിച്ചതിനാൽ, തുടർച്ചയായി സംവരണം വരുന്ന വാർഡുകൾ ഏതെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. മുൻപ് സംവരണമുണ്ടായിരുന്ന ഒരു വാർഡിലെ 50 ശതമാനത്തിലേറെ പേർ പുതിയ വാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പഴയ വാർഡിന്റെ സംവരണ മാനദണ്ഡങ്ങൾ പുതിയ വാർഡിനും ബാധകമാകും. അത്തരം വാർഡുകൾ ഒഴിവാക്കിയശേഷമാകും നറുക്കെടുപ്പ് നടത്തുക.
സംവരണ ശതമാനത്തിന് ആവശ്യമായ വാർഡുകൾ തികഞ്ഞില്ലെങ്കിൽ, നറുക്കെടുപ്പിലൂടെ ബാക്കി കണ്ടെത്തും. വനിത, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ അഞ്ചുതരം സംവരണങ്ങളാണ് നിലവിലുള്ളത്.
ഇതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ വിഭജിച്ചതും പുനഃക്രമീകരിച്ചതുമായ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക ക്രമീകരിക്കുന്ന വാർഡ് മാപ്പിങ് നടപടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in പോർട്ടലിൽ ആരംഭിച്ചു. ഇതിനായി പോർട്ടലിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
The Kerala Election Commission has begun verifying the population of old wards to prepare a list for reserving new wards