വർഗീസ് പോത്താനിക്കാട്
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് ആർട്‌സ് & സയൻസ് കോളേജ് അലുമ്‌നി യു.എസ്.എ. സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ പ്രഭാഷണം ഈ വരുന്ന ഒക്ടോബർ 11, ശനിയാഴ്ച, ന്യൂയോർക്ക് സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ നടക്കും. വിശ്വവിഖ്യാതനായ മോട്ടിവേഷണൽ സ്പീക്കറും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. മുരളി തുമ്മാരുകുടിയാണ് പ്രഭാഷണം നടത്തുന്നത്.
“കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികൾക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയും” (How can Malayalee Diaspora contribute to the Development of Kerala) എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും പ്രഭാഷണം. കണ്ടുപിടുത്തങ്ങളിലൂടെയും, നിക്ഷേപങ്ങളിലൂടെയും, സാംസ്കാരിക നേതൃത്വത്തിലൂടെയുമെല്ലാം പ്രവാസികൾക്ക് എങ്ങനെ പുരോഗതിയിലേക്ക് ഉയരാം എന്നത് ചർച്ചാവിഷയമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുന്ന ഡോ. തുമ്മാരുകുടിക്ക് എവിടെയും നിറഞ്ഞ സദസ്സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ ടു കോംബാറ്റ് ഡിസർട്ടിഫിക്കേഷൻ (UNCCD) ഡയറക്ടറായ അദ്ദേഹം, ദുരന്ത നിവാരണ മേഖലയിൽ ലോകത്തെ ഉന്നത നേതാക്കളിൽ ഒരാളാണ്. ലോകത്തെ പിടിച്ചുലച്ച സുനാമി ഉൾപ്പെടെ നിരവധി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽനിന്ന് ബിരുദവും ഐ.ഐ.ടി.യിൽനിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
സമകാലിക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ഈ പ്രഭാഷണത്തിൽ പങ്കെടുത്തു ഈ അസുലഭ സന്ദർഭം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഏവരെയും ക്ഷണിക്കുന്നതായി എം.എ. കോളേജ് അലുമ്‌നി യു.എസ്.എ.യുടെ ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കാൻ:
- Meeting ID: 308 354 4094
- Passcode: 1234
കൂടുതൽ വിവരങ്ങൾക്ക്:
- പ്രസിഡന്റ്: സാബു സ്കറിയ (267-980-7923)
- സെക്രട്ടറി: ജോബി മാത്യു (301-624-9539)
- ട്രഷറർ: ജോർജ്ജ് വർഗീസ് (954-655-4500)
The Mar Athanasius Arts & Science College Alumni USA chapter is hosting a motivational speech by renowned UN official and alumnus Dr. Murali Thummarukudy on October 11










