എ.ഐ. 99% തൊഴിലും ഇല്ലാതാക്കും, മുന്നറിയിപ്പുമായി വിദഗ്ധർ: തൊഴിൽ വിപണി തകരുമെന്ന് പ്രവചനം

എ.ഐ. 99% തൊഴിലും ഇല്ലാതാക്കും, മുന്നറിയിപ്പുമായി വിദഗ്ധർ: തൊഴിൽ വിപണി തകരുമെന്ന് പ്രവചനം

ലൂയിസ്‌വിൽ: തൊഴിൽ മേഖലയിൽ നിർമിത ബുദ്ധി (എ.ഐ.) വ്യാപകമായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2030-ഓടെ എ.ഐ. 99% തൊഴിലവസരങ്ങളും ഇല്ലാതാക്കുമെന്ന് ലൂയിസ്‌വിൽ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും എ.ഐ. സുരക്ഷാ വിദഗ്ധനുമായ റോമൻ യാംപോൾസ്കി പറഞ്ഞു. ബിസിനസ് പോഡ്‌കാസ്റ്റായ ‘ദ ഡയറി ഓഫ് എ സി.ഇ.ഒ.’യിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

2027-ഓടെ മനുഷ്യരെപ്പോലെ ചിന്തിച്ച് പെരുമാറാൻ ശേഷിയുള്ള ‘നിർമിത സാമാന്യ ബുദ്ധി (എ.ജി.ഐ)’ സജ്ജമാവുമെന്നും, അതിന്റെ വരവിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ തൊഴിൽ വിപണി പൂർണ്ണമായും തകരുമെന്നും യാംപോൾസ്കി പറയുന്നു. മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ‘ഹ്യൂമനോയിഡ്’ റോബോട്ടുകൾ വ്യാപകമാവുന്നതോടെ തൊഴിലിടങ്ങളിൽ മനുഷ്യവിഭവശേഷിയുടെ ആവശ്യം കുത്തനെ കുറയും.

“ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്മ നിലനിൽക്കുന്ന ഒരു ലോകത്തെയാണ് നമ്മൾ കാണാൻ പോകുന്നത്. ഇന്നത്തെ 10% തൊഴിലില്ലായ്മയെക്കുറിച്ചല്ല, മറിച്ച് 99% തൊഴിലില്ലായ്മയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. 20 ഡോളർ വരിസംഖ്യ നൽകിയാൽ ഒരു എ.ഐ. മോഡലിൽനിന്ന് തൊഴിലാളിക്ക് തുല്യമായ സേവനം ലഭ്യമാകുമെങ്കിൽ തൊഴിൽ ദാതാവ് ആ മാർഗം തിരഞ്ഞെടുക്കും,” യാംപോൾസ്കി കൂട്ടിച്ചേർത്തു.

നിലവിലെ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനം തൊഴിലിലൂടെ ലഭിക്കുന്ന വരുമാനമാണ്. ഈ സാഹചര്യത്തിൽ തൊഴിൽ സങ്കൽപ്പം മാറിമറിയുന്നത് നമ്മുടെ സാമൂഹിക വ്യവസ്ഥയെ തന്നെ വലിയ തിരുത്തലുകൾക്ക് വിധേയമാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു മുന്നറിയിപ്പ് നൽകുന്നത്, അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക് സി.ഇ.ഒ. ഡാരിയോ അമോഡിയാണ്. അഞ്ച് വർഷത്തിനുള്ളിൽ ഓഫീസ് ജോലികളിൽ 50% എ.ഐ. ഇല്ലാതാക്കുമെന്നും, ഇത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2018-ൽ ഗൂഗിൾ എക്സ് ചീഫ് ബിസിനസ് ഓഫീസർ സ്ഥാനത്തുനിന്ന് വിരമിച്ച മോ ഗൗഡത്തും സമാനമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉയർന്ന വേതനമുള്ള സുപ്രധാന ഓഫീസ് ജോലികൾ പോലും എ.ഐ. ഇല്ലാതാക്കുന്നതോടെ 2027-ഓടെ തൊഴിൽ മേഖലയിൽ വലിയ ദുരന്തം ആരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, സി.ഇ.ഒ.മാർ, പോഡ്‌കാസ്റ്റർമാർ എന്നിങ്ങനെ ഇന്ന് സുരക്ഷിതമെന്ന് കരുതുന്ന തൊഴിലുകൾ പോലും എ.ഐ. കയ്യടക്കുമെന്നും മോ ഗൗഡത്ത് വ്യക്തമാക്കുന്നു.

According to experts like Roman Yampolskiy, the rise of Artificial General Intelligence (AGI) by 2027 could lead to the elimination of 99% of jobs within a few years.

Share Email
LATEST
More Articles
Top