കോഴിക്കോട്: സൗഹൃദം നടിച്ച് ഹണിട്രാപ്പിൽ കുടുക്കി 1.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ പോലീസ് പിടിയിലായി. കോഴിക്കോട് മടവൂരിൽ നടന്ന സംഭവത്തിൽ മാവേലിക്കര ഇടയില വീട്ടിൽ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അൻസിന, അൻസിനയുടെ ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഗൗരിനന്ദ ഇയാളെ മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അഫീഫും അൻസിനയുമടക്കമുള്ള സംഘം യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. ഭീഷണിപ്പെടുത്തി യുവാവിൻ്റെ ഫോൺ തട്ടിയെടുത്ത ശേഷം ഗൂഗിൾ പേ വഴി 1.35 ലക്ഷം രൂപ പ്രതികൾ സ്വന്തമാക്കി. കൂടാതെ, യുവാവിൻ്റെ സുഹൃത്തിൻ്റെ ഗൂഗിൾ പേ വഴി 10,000 രൂപയും ഇവർ തട്ടിയെടുത്തു. നഗ്ന ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. സംഘത്തിൽ നാലാമതൊരു പ്രതികൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതികളെ കോഴിക്കോട് മാനഞ്ചിറയിൽവെച്ച് പോലീസ് പിടികൂടുകയായിരുന്നു.
Three arrested in Kozhikode for honey-trapping a young man under the guise of friendship, defrauding him of Rs 1.45 lakh