ന്യൂയോർക്ക്: ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായി ചൈനീസ് ഭാഗത്ത് നിന്ന് സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക്ക് ആപ്പ്, ഡാറ്റ, അനുബന്ധ സാങ്കേതികവിദ്യ എന്നിവ അമേരിക്കൻ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ചു. ഏതൊക്കെ കമ്പനികൾക്കാണ് ഉടമസ്ഥാവകാശം കൈമാറുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക്. 170 മില്യൺ ഉപയോക്താക്കളുള്ള ഈ ആപ്പ് വാങ്ങാൻ വൻകിട അമേരിക്കൻ കമ്പനികൾ രംഗത്തുണ്ടെന്ന് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ജെഫ് ബെസോസിന്റെ ആമസോൺ ഉൾപ്പെടെ ടിക് ടോക് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അമേരിക്കയിൽ ടിക് ടോക്കിന് നേരിട്ട നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി ട്രംപ് നീട്ടിനൽകിയിട്ടുണ്ട്. ഈ ധാരണയിലൂടെ, ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ തുടരാനും ഡാറ്റാ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കൈമാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.