യുകെയിൽ ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടോം ഹോളണ്ടിന് തലയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ലെങ്കിലും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹോളണ്ട് കുറച്ച് ദിവസത്തേക്ക് ചിത്രീകരണത്തിൽനിന്ന് വിശ്രമം എടുക്കുകയാണ്. പരിക്കിന്റെ കാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സ്റ്റുഡിയോ പുറത്തുവിട്ടിട്ടില്ല, മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിരീകരിച്ചു.
പരിക്കേറ്റിട്ടും, ഹോളണ്ട് ശനിയാഴ്ച ലണ്ടനിലെ ക്രിസ്റ്റീസ് ലേല സ്ഥാപനത്തിൽ, പ്രതിശ്രുതവധുവും സഹതാരവുമായ സെൻഡേയയോടൊപ്പം ‘ദ ബ്രദേഴ്‌സ് ട്രസ്റ്റി’ന് വേണ്ടിയുള്ള ഒരു ചാരിറ്റി പരിപാടിയിൽ അവതാരകനായി പങ്കെടുത്തു. സോണിയും മാർവൽ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം, സ്പൈഡർ-മാൻ ഫ്രാഞ്ചൈസിയിലെ നാലാം ഭാഗമാണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജോൺ വാട്ട്സിന് പകരം ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സെൻഡേയ, ജേക്കബ് ബറ്റാലോൺ, സാഡി സിങ്ക്, ട്രാമെൽ ടിൽമാൻ, മാർക്ക് റഫലോ, ജോൺ ബെർന്താൾ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
നിർമ്മാണത്തിന്റെ അടുത്ത ഘട്ടങ്ങൾ വിലയിരുത്താൻ സോണിയും മാർവൽ സ്റ്റുഡിയോസും തിങ്കളാഴ്ച യോഗം ചേരുമെന്ന് ‘വെറൈറ്റി’ റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റമോ കാലതാമസമോ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് സ്റ്റുഡിയോകൾ പ്രസ്താവന ഇറക്കിയിട്ടില്ല, എന്നാൽ അഭിനേതാക്കളുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്ന് വ്യക്തമാക്കി. 2026 ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനം. ഈ ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് ആദ്യം ഗ്ലാസ്ഗോയിൽ ആരംഭിച്ചിരുന്നു. ‘സ്പൈഡർ-മാൻ: നോ വേ ഹോം’ എന്ന മുൻ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം, ഈ ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.