കീവ്: ഇന്ത്യക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ശരിയാണെന്നായിരുന്നു സെലെൻസ്കി പ്രതികരിച്ചത്. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായി മുന്നോട്ടു വരുന്നതിനിടെയാണ് സെലെൻസ്കിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
നിരന്തരം റഷ്യയുമായി കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുക എന്നത് നല്ലൊരു തീരുമാനമായിട്ടാണ് ഞാൻ കാണുന്നത് – എന്നായിരുന്നു എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞത്. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതിനിടെയായിരുന്നു സെലെൻസ്കിയുടെ പ്രതികരണം.
നേരത്തെ ട്രംപും പുതിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ നയതന്ത്രപരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. യുക്രൈനിൽ വീണ്ടും ആക്രമണ-പ്രത്യാക്രമണങ്ങൾ തുടരുകയും ചെയ്തിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കുന്ന ഇന്ത്യയെ അതിൽ നിന്ന് വിലക്കിയെങ്കിലും ഇന്ത്യ പിന്നോട്ടു പോയില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് 50 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും ട്രംപ് നൽകിയിരുന്നു.
ട്രംപ് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ചൈനയും റഷ്യയുമായും ഇന്ത്യ കൂടുതൽ അടുത്തിരുന്നു. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പുതിനും മോദിയും ഷിജിൻപിങ്ങും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു.
Trade war against India: Zelensky supports Trump