മാസച്യുസെറ്റ്സ്: അമേരിക്കയിൽ നിയമവിരുദ്ധമായി പ്രവേശിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നാടുകടത്താൻ ലക്ഷ്യമിട്ട് മാസച്യുസെറ്റ്സിൽ പുതിയ ഫെഡറൽ കുടിയേറ്റ നിയന്ത്രണ പദ്ധതിക്ക് ട്രംപ് ഭരണകൂടം തുടക്കമിട്ടു.
“മാസച്യുസെറ്റ്സിൽ ജീവിക്കുന്ന ഏറ്റവും മോശം ക്രിമിനൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഐ.സി.ഇ. ‘ഓപ്പറേഷൻ പാട്രിയറ്റ് 2.0’ ആരംഭിച്ചു. മെയ് മാസത്തിലെ ഓപ്പറേഷൻ പാട്രിയറ്റിന്റെ വിജയത്തെ തുടർന്നാണിത്,” ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് (ഡി.എച്ച്.എസ്) വക്താവ് സി.എൻ.എന്നിനോട് ഞായറാഴ്ച പറഞ്ഞു.
ബോസ്റ്റൺ ഡെമോക്രാറ്റിക് മേയർ മിഷേൽ വുവിന്റെ “സാങ്ച്വറി സിറ്റി” നയങ്ങളാണ് കുറ്റവാളികളെ ആകർഷിക്കുന്നതെന്നും ഇത് നിയമം അനുസരിക്കുന്ന അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യങ്ങളെക്കാൾ ഈ പൊതുസുരക്ഷാ ഭീഷണികൾക്ക് മുൻഗണന തിയതിയ പ്രസ്താവനയിൽ ആരോപിക്കുന്നു. പ്രാദേശിക അധികാരികൾ വിട്ടയച്ച കുറ്റവാളികളെ ഡി.എച്ച്.എസ്. അറസ്റ്റ് ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
“പ്രസിഡന്റ് ട്രംപിനും സെക്രട്ടറി നോയമിനും കീഴിൽ ക്രിമിനൽ കുടിയേറ്റക്കാർക്ക് ഒളിക്കാൻ ഒരിടവും സുരക്ഷിതമല്ല. നിങ്ങൾ ഞങ്ങളുടെ രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുകയും നിയമം ലംഘിക്കുകയും ചെയ്താൽ, ഞങ്ങൾ നിങ്ങളെ പിടികൂടുകയും, അറസ്റ്റ് ചെയ്യുകയും, നാടുകടത്തുകയും ചെയ്യും. പിന്നീട് നിങ്ങൾക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല,” പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഈ പ്രവർത്തനങ്ങൾക്കായി പ്രാദേശിക വിഭവങ്ങൾ ഉപയോഗിക്കില്ലെന്നും ഫെഡറൽ സർക്കാരിന്റെ ഈ നടപടികൾ തങ്ങളുടെ സമൂഹത്തെ സുരക്ഷിതമാക്കില്ലെന്നും മേയർ മിഷേൽ വു സി.എൻ.എന്നിനോട് പറഞ്ഞു.