ന്യൂയോര്‍ക്ക്: യുക്രൈന്‍- റഷ്യ ആക്രമണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് താന്‍ കരുതിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റുമായി തനിക്കുള്ള ബന്ധം ഉപയോഗിച്ച് ഈ യുദ്ധം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതിയത്.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമൊത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.
യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ശക്തമായതോടെ പുടിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നുവെന്ന് സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. യുക്രൈനില്‍ ശാശ്വതമായ സമാധാനം ഉറപ്പാക്കാന്‍ തങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു.
ഗാസയുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതുപോലെ റഷ്യയുടെയും ഉക്രൈയിന്റെയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കൂടാതെ യുദ്ധം അവസാനിപ്പിക്കാനായി റഷ്യക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ട്രംപ് നിലപാട് വ്യക്തമാക്കി.
അതോടൊപ്പം യുക്രേനിയന്‍ സൈനികരെക്കാള്‍ കൂടുതല്‍ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ ഇസ്രായേലിന്റെയും ഗാസയുടെയും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. ഇങ്ങനത്തെ നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഇസ്രായേല്‍-ഗാസ പ്രശ്‌നം ഞങ്ങള്‍ പരിഹരിക്കും. അതുപോലെ റഷ്യയും യുക്രൈയ്‌നും തമ്മിലുള്ള പ്രശ്‌നവും പരിഹരിക്കും. പക്ഷേ യുദ്ധത്തില്‍ നിങ്ങള്‍ക്ക് ഒന്നും ഉറപ്പിക്കാന്‍ കഴിയില്ല,’ ട്രംപ് വിശദീകരിച്ചു.
പുടിന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും യുക്രൈനെ പിന്തുണയ്ക്കാന്‍ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും സമാധാന കരാറിനായി പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
Trump admits he thought he could resolve issues between Ukraine and Russia













