വാഷിംഗ്ടൺ: അനധികൃതമായി പണം കൈപ്പറ്റിയ കേസിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡർ സാർ ടോം ഹോമാനെതിരെ എഫ്ബിഐ അന്വേഷണം നടത്തിയതായി റിപോർട്ട്. അമ്പതിനായിരം ഡോളർ കൈക്കൂലി വാങ്ങിയതായി തെളിയിക്കുന്ന വീഡിയോ എഫ്ബിഐക്ക് ലഭിച്ചു. എന്നാല് ട്രംപിൻറെ നീതിന്യായ വകുപ്പ് പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹോമാനെതിരെ എഫ്ബിഐ അന്വേഷണം ആരംഭിച്ചത്. രഹസ്യാന്വേഷണ ഏജൻ്റുമാർ വ്യാപാരികളായി ഹോമാനെ സമീപിക്കുകയും പണം കൈക്കൂലിയായി നൽകുകയും ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്ത ന്യൂയോർക്ക് ടൈംസാണ് പുറത്തുവിട്ടത്. രണ്ടാമത്തെ ട്രംപ് ഭരണത്തിൽ സർക്കാർ കരാറുകൾ ലഭിക്കാൻ സഹായിക്കുമെന്ന ഉറപ്പിലാണ് ഹോമാൻ കൈക്കൂലി വാങ്ങിയത്.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, സ്റ്റീങ്ഓപ്പറേഷനിലാണ് ഹോമാൻ പണം സ്വീകരിച്ചത്. കവ ഫാസ്റ്റ്-കാഷ്വൽ ശൃംഖലയുടെ ബാഗിലാണ് പണം ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് എംഎസ്എൻബിസിയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഒരു കേസിൽ അന്വേഷണം നേരിടുന്ന വ്യക്തി, ഹോമാന് പണം നൽകിയാൽ ഫെഡറൽ ബോർഡർ സെക്യൂരിറ്റി കരാറുകൾ ലഭിക്കുമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. 2024 സെപ്റ്റംബറിൽ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ ടേപ്പിൽ, ഡൊണാൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അണ്ടർകവർ ഏജൻ്റുമാരെ സഹായിക്കാമെന്ന് ഹോമാൻ സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.













