വാഷിങ്ടൺ: റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതെന്ന വാദവുമായി ട്രംപ് സുപ്രീംകോടതിയിൽ. വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന ഫെഡറൽ അപ്പീൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ തീരുവകളെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീലിൽ ഇന്ത്യക്കെതിരേ ചുമത്തിയ അധിക തീരുവയെക്കുറിച്ചും പരാമർശമുണ്ട്.
റഷ്യൻ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതെന്നാണ് അപ്പീലിൽ പറയുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരെ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (International Emergency Economic Powers Act – IEEPA) ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധം തകർത്ത യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലിൽ പറയുന്നു. തീരുവകളുള്ളതിനാൽ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കിൽ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങൾക്കുമുൻപാണ് ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് വാഷിങ്ടണിലെ ഫെഡറൽ സർക്യൂട്ട് അപ്പീൽ കോടതി വിധിച്ചത്. ഐഇഇപിഎ നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഏഴ് ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ നാലുപേർ എതിർത്തു.
അതിനിടെ, നിലവിലെ തീരുവകൾ ഒക്ടോബർ 14 വരെ തുടരാൻ കോടതി അനുവാദം നൽകിയിരുന്നു. ട്രംപ് സർക്കാരിന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്. ഐഇഇപിഎ നിയമം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നില്ലെന്ന് കാണിച്ച് ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങൾ നൽകിയ കേസും, തീരുവയ്‌ക്കെതിരെ അഞ്ച് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ നൽകിയ മറ്റൊരു കേസും പരിഗണിച്ചാണ് അപ്പീൽ കോടതിയുടെ വിധി.
1977-ൽ പാസാക്കിയ ഐഇഇപിഎ നിയമം ദേശീയ അടിയന്തരാവസ്ഥ സമയത്ത് വിദേശരാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും അവരുടെ ആസ്തികൾ മരവിപ്പിക്കാനും മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും, അതുപയോഗിച്ച് തീരുവകളും നികുതികളും ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രിലിൽ വിദേശരാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കങ്ങൾക്കും ഫെബ്രുവരിയിൽ ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച തീരുവകൾക്കും വിധി ബാധകമാണ്. അതേസമയം, സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് ചുമത്തിയ തീരുവയെ ഈ വിധി ബാധിക്കില്ല. കോടതിവിധിയെ അത്യന്തം പക്ഷപാതപരമായ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ വിശേഷിപ്പിച്ചിരുന്നു. തീരുവകൾ ഒഴിവാക്കിയാൽ അത് രാജ്യത്തെ സംബന്ധിച്ച് സമ്പൂർണ ദുരന്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ നൽകുന്ന അപ്പീലിലൂടെ വിധി മാറുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
തന്റെ രണ്ടാം വരവിൽ യു.എസിന്റെ വിദേശനയത്തിന്റെ നെടുംതൂണായി ട്രംപ് പ്രതിഷ്ഠിച്ചിരിക്കുന്നത് തീരുവകളെയാണ്. ഇത് ആയുധമാക്കി വിദേശരാജ്യങ്ങളുമായി യു.എസിനനുകൂലമായ വ്യാപാരക്കരാറുണ്ടാക്കാൻ വിലപേശുന്നു. ഒപ്പം ചില രാജ്യങ്ങൾക്കുമേൽ രാഷ്ട്രീയ സമ്മർദം ഉയർത്താനും തീരുവ ആയുധമാക്കുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തെ സഹായിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ ട്രംപ് 25 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കി ഉയർത്തിയിരുന്നു.
Trump claims in Supreme Court that tariffs on India were imposed as part of efforts to end Russia-Ukraine war