യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഗാസയിലെ യുദ്ധം ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നതായി അഭിപ്രായപ്പെട്ടു. യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിച്ചേക്കാമെങ്കിലും ലോകത്തിന്റെ പിന്തുണ നേടാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു . സംഘര്‍ഷത്തിന് പെട്ടെന്ന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഡെയ്‌ലി കോളറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ അഭിപ്രായ പ്രകടം.
‘ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരും. ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും എന്നതില്‍ സംശയമില്ല. ഇസ്രയേല്‍ യുദ്ധത്തില്‍ വിജയിക്കുന്നുണ്ടാവാം. പക്ഷേ, പൊതുവികാരത്തിനു മുന്നിൽ അവര്‍ വിജയിക്കുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.’ ട്രംപ് അഭിമുഖത്തില്‍ പറയുന്നു.
ഈ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് നല്‍കിയ മുന്നറിയിപ്പുകളുടെ ആവർത്തനമാണ് ഈ അഭിപ്രായങ്ങള്‍. ജനുവരിയില്‍ അധികാരത്തിലേറിയ ശേഷം അദ്ദേഹം ഈ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും, സമീപ ആഴ്ചകളില്‍, യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനായി ഇസ്രയേലിനോടുള്ള തന്റെ ആഹ്വാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ‘അവര്‍ക്ക് ആ യുദ്ധം അവസാനിപ്പിക്കേണ്ടി വരും. അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.’ എന്ന് ട്രംപ് ഊന്നിപ്പറഞ്ഞു.
അതേസമയം, ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പ് ഹമാസിനെ നശിപ്പിക്കണമെന്ന് വാദിച്ച്, ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സൈനിക നീക്കത്തിന് നാലോ അഞ്ചോ മാസമെടുക്കും എന്നാണ് ഇസ്രയേലിന്റെ സൈനിക വിലയിരുത്തല്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മധ്യ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് ഒരു തുടര്‍ ആക്രമണം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ, അമേരിക്കയില്‍ ഇസ്രയേലിനുള്ള പിന്തുണ കുറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എനിക്കതിനെക്കുറിച്ച് അറിയാം,’ എന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. അതേസമയം, ‘ഇസ്രയേലില്‍നിന്ന് തനിക്ക് നല്ല പിന്തുണ’ ലഭിക്കുന്നുണ്ടെന്ന് ഊന്നിപ്പറയുകയും ഇസ്രയേലിനെ പ്രതിരോധിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നുണ്ട്.
അമേരിക്കയില്‍ ഇസ്രയേലിന്റെ സ്വാധീനം കുറഞ്ഞുവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഒരു കാലമുണ്ടായിരുന്നു… നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയക്കാരന്‍ ആകണമെങ്കില്‍, ഇസ്രയേലിനെക്കുറിച്ച് മോശമായി സംസാരിക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ ലോബിയായിരുന്നു ഇസ്രയേല്‍. അവര്‍ക്ക് യുഎസ് കോണ്‍ഗ്രസില്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു.” ട്രംപ് പറഞ്ഞു.
Trump: Gaza war is harmful to Israel