റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കിയും തമ്മിലുള്ളത് കടുത്ത ശത്രുതയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യ–യുക്രൈൻ യുദ്ധം മണിക്കൂറുകൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന തന്റെ മുൻ അവകാശവാദത്തിൽ നിന്ന് പിന്മാറുന്ന തരത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
“ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. റഷ്യ–യുക്രൈൻ യുദ്ധവും അത്രയ്ക്ക് എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, ഇത് അതിശയകരമായി സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞു. സെലെൻസ്കിയും പുതിനും തമ്മിലുള്ള വൈരാഗ്യം അതീവ അഗാധമാണ്. പരസ്പരത്തിലുള്ള ശത്രുത മൂലം അവർക്ക് സംസാരിക്കാനും കഴിയുന്നില്ല,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ റഷ്യ–യുക്രൈൻ യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അധികാരത്തിലേറിയതിന് ശേഷം പലവട്ടം അദ്ദേഹം ഇത് ആവർത്തിച്ചുവെങ്കിലും, ഒൻപത് മാസം കഴിഞ്ഞിട്ടും വിഷയത്തിൽ പുരോഗതി കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് യുദ്ധത്തിന് റഷ്യക്ക് സഹായകമാണെന്നും അത് അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്കു 25 ശതമാനം പിഴത്തീരുവയും ചുമത്തിയിരുന്നു. എന്നാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ട്രംപിന്റെ നിർദ്ദേശം അവഗണിച്ചതോടെ റഷ്യയ്ക്കെതിരായ സമ്മർദ ശ്രമങ്ങൾ വിജയിച്ചില്ല.
നാറ്റോ സഖ്യരാജ്യങ്ങൾ എല്ലാം റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുകയും സ്വതന്ത്രമായി ഉപരോധങ്ങൾ നടപ്പിലാക്കുകയും വേണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. കൂടാതെ, പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടത് തന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ ഇതിനോട് യോജിച്ചില്ലെങ്കിലും ട്രംപ് പലവട്ടം ഈ അവകാശവാദം ആവർത്തിച്ചിട്ടുണ്ട്.
Trump: Russia–Ukraine Conflict More Complex Than Expected