അഫ്ഗാനിസ്ഥാനിലെ വ്യോമത്താവളം തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് ട്രംപ്: യുഎസ്സിന്റെ തന്ത്രപരമായ പിഴവ് തിരുത്തും

അഫ്ഗാനിസ്ഥാനിലെ വ്യോമത്താവളം തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് ട്രംപ്: യുഎസ്സിന്റെ തന്ത്രപരമായ പിഴവ് തിരുത്തും

ന്യൂയോർക്ക് : അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . 2021-ൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ താലിബാന് കൈമാറിയ താവളമാണിത്. ചൈന ഈ താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് ആലോചിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാർമറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഞങ്ങൾ ആ താവളം തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്കത് തിരികെ വേണം,” ട്രംപ് പറഞ്ഞു. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കുന്നതിനായി ബാഗ്രാമിൽ ഒരു ചെറിയ സൈനിക കേന്ദ്രം നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ട്രംപ് നേരത്തെയും സൂചിപ്പിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവന, യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയേക്കുമെന്ന സൂചന നൽകുന്നുണ്ട്.

അഫ്ഗാനിസ്ഥാൻ കാരണമല്ല, മറിച്ച് ചൈനയുടെ ആണവ കേന്ദ്രങ്ങളോട് ചേർന്നുള്ള താവളത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് യുഎസ്സിനിത് ആവശ്യമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. കാബൂളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഈ താവളം ചൈന, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്നാണ്. വളരെക്കാലം യുഎസ്സിന്റെ പ്രധാന സൈനിക താവളമായിരുന്നു ബാഗ്രാം.

2021-ലെ പിൻമാറ്റത്തിനിടെ ഈ താവളം ഉപേക്ഷിച്ചത് യുഎസ്സിന്റെ തന്ത്രപരമായ പിഴവായാണ് പല വിദഗ്ധരും വിലയിരുത്തുന്നത്. യുഎസ് പിൻവാങ്ങിയതോടെ താലിബാൻ ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മേഖലയിൽ ചൈനയുടെ സാന്നിധ്യം വർധിക്കുകയും ചെയ്തു. താവളം തിരിച്ചുപിടിച്ചാൽ എതിർ രാജ്യങ്ങളെ നിരീക്ഷിക്കാനും ഭാവിയിൽ സൈനിക നീക്കങ്ങൾ വേഗത്തിലാക്കാനും യുഎസ്സിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Trump says he will try to retake air base in Afghanistan: US’s strategic mistake will be corrected

Share Email
Top